ഡ്രൈവർമാർക്ക് ഇനി വൻ ആനുകൂല്യങ്ങൾ; ബെംഗളൂരുവിൽ ‘നമ ചന്ത’യുമായി നമ യാത്രി!

ബെംഗളൂരു: ഡ്രൈവർ കേന്ദ്രീകൃത സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നമ യാത്രി (Namma Yatri), കീസ്റ്റോൺസുമായി (Keystones) സഹകരിച്ച് ‘നമ ചന്ത’ (Namma Santhe) എന്ന പേരിൽ പുതിയ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. റൈഡ്-ഹെയ്‌ലിംഗ് മേഖലയ്ക്കപ്പുറത്തേക്ക് സേവനം വ്യാപിപ്പിച്ച്, ഡ്രൈവർമാർക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബെംഗളൂരു കോരമംഗലയിലുള്ള നമ യാത്രി ഓഫീസിലെ ഫിസിക്കൽ സ്റ്റോറിലൂടെയും ഓൺ‌ലൈൻ വഴിയും ഡ്രൈവർമാർക്ക് ഉൽപ്പന്നങ്ങൾ വാങ്ങാം. ബംഗളൂരു നഗരത്തിനുള്ളിലെ ഡ്രൈവർമാരുടെ വീടുകളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകുന്ന രീതിയിലാണ് ഓൺ‌ലൈൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 7.71 ലക്ഷത്തോളം ഡ്രൈവർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മൊബൈൽ ഫോണുകൾ, ആക്‌സസറികൾ, മുച്ചക്ര വാഹനങ്ങൾ, ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങൾ, മഴക്കോട്ട് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, ഗാർഹിക ആവശ്യത്തിനുള്ള സാധനങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ബാഗുകൾ, തൊഴിൽ അനുബന്ധ സാമഗ്രികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. ഡ്രൈവർമാർക്ക് പുറമെ അവരുടെ കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ ഒരു “ഹൗസ്‌ഹോൾഡ് ബെനിഫിറ്റ്സ് ഇക്കോസിസ്റ്റം” ആയിട്ടാണ് കമ്പനി ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.

ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചതെന്ന് നമ യാത്രിയുടെ ഗ്രോത്ത് ആൻഡ് എക്സ്പീരിയൻസ് ഡയറക്ടർ രാജീവ് രവീന്ദ്രൻ പറഞ്ഞു. വാരാന്ത്യങ്ങളിൽ ഓഫീസിൽ നടക്കാറുള്ള ഡ്രൈവർ മീറ്റിംഗുകളിൽ ഖാക്കി ഷർട്ടുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾ, വാഹനം വൃത്തിയാക്കുന്ന കിറ്റുകൾ എന്നിവ നൽകിയിരുന്നു. ഇതിന് ലഭിച്ച മികച്ച പ്രതികരണമാണ് വിപുലമായ പ്ലാറ്റ്‌ഫോം എന്ന ആശയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമ്മാതാക്കളിൽ നിന്നും (OEMs) അംഗീകൃത വിതരണക്കാരിൽ നിന്നും നേരിട്ട് സാധനങ്ങൾ സംഭരിക്കുന്നതിനാൽ ഇടനിലക്കാരില്ലാതെ ചെലവ് കുറച്ച് ഡ്രൈവർമാർക്ക് നൽകാൻ സാധിക്കുന്നു. 1,000 രൂപ വിലയുള്ള ഉൽപ്പന്നങ്ങൾ 850 രൂപയ്ക്കോ 880 രൂപയ്ക്കോ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വാറന്റിയും ഉറപ്പാക്കിയ ശേഷമാണ് വിൽപ്പനയ്‌ക്കെത്തിക്കുന്നത്. മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകളൊന്നും ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്നില്ല.

ഓൺ‌ലൈൻ വഴി വാങ്ങാൻ മടിയുള്ളവർക്കായാണ് കോരമംഗലയിൽ നേരിട്ടുള്ള സ്റ്റോർ തുറന്നിരിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് നടത്തിയ പൈലറ്റ് റണ്ണിൽ തന്നെ 50,000-ത്തോളം ആളുകൾ ഈ പ്ലാറ്റ്‌ഫോം സന്ദർശിച്ചിരുന്നു. ഡ്രൈവർമാരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് നിലവിൽ സ്റ്റോറിലെ ഉൽപ്പന്നങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഒരു ഡ്രൈവർക്ക് ഒരു ദിവസം ഓടാൻ കഴിയുന്ന റൈഡുകൾക്ക് പരിധിയുള്ളതിനാൽ വരുമാനം വർദ്ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ ചെലവ് കുറയ്ക്കുന്നതിലൂടെ ഡ്രൈവർമാരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

ഈ സേവനം പൂർണ്ണമായും ഡ്രൈവർമാരുടെ വ്യക്തിഗത താല്പര്യത്തിന് വിധേയമാണ്. യാതൊരുവിധ മിനിമം പർച്ചേസ് നിബന്ധനകളോ, വരുമാനത്തിൽ നിന്നുള്ള പിടുത്തമോ, ഇ.എം.ഐ വ്യവസ്ഥകളോ ഇതിലില്ല. കൂടാതെ ഡ്രൈവർമാർക്ക് ആപ്പിൽ റൈഡുകൾ ലഭിക്കുന്നതുമായി ഈ വാങ്ങലുകൾക്ക് യാതൊരു ബന്ധവുമുണ്ടായിരിക്കില്ല.

വരുംദിവസങ്ങളിൽ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ നമ യാത്രി പദ്ധതിയിടുന്നുണ്ട്. മഹിളാ ശക്തി, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ, സമ്പാദ്യ പദ്ധതികൾ, സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ തുടങ്ങിയ ഡ്രൈവർ ക്ഷേമ പദ്ധതികൾക്ക് പുറമെയാണ് നമ ചന്ത എന്ന പുതിയ കാൽവെപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts