ഒലായും ഊബറും ഇനി ബെംഗളൂരുവിലെ ബസ് സ്റ്റാൻഡുകളിലേക്കും? ബി.എം.ടി.സി ടിക്കറ്റും ലൈവ് ട്രാക്കിങ്ങും വിരൽത്തുമ്പിൽ!

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി) ബസ് ടിക്കറ്റ് ബുക്കിങും ലൈവ് ട്രാക്കിങ് സൗകര്യവും ഉടൻ തന്നെ ഒലാ, ഊബർ തുടങ്ങിയ റൈഡ്-ഷെയറിങ് ആപ്പുകളിൽ ലഭ്യമാകുമെന്ന് ബി.എം.ടി.സി മാനേജിങ് ഡയറക്ടർ രഘുനന്ദൻ മൂർത്തി അറിയിച്ചു. ഇതിനൊപ്പം ബി.എം.ടി.സി സ്വന്തം ആപ്പായ ‘നമ്മ ബി.എം.ടി.സി’ ആപ്പ് 2.0 അടുത്ത ആഴ്ച അവസാനത്തോടെ നവീകരിച്ച് പുറത്തിറക്കും.

സ്വകാര്യ ആപ്പ് കമ്പനികളുമായി ധാരണയിലെത്തി പൊതുവായ കരാർ നിലവിൽ വരുത്തും. യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ ഈ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ആപ്പുകളിലെ ലൈവ് ട്രാക്കിങ് സംബന്ധിച്ച് യാത്രക്കാർ ഉന്നയിച്ച പരാതികൾ പുതിയ പതിപ്പിൽ പരിഹരിക്കും. നിലവിൽ സർവീസ് നടത്തുന്ന 6,938 ബസുകളും തത്സമയം ട്രാക്ക് ചെയ്യാനാകും.

വിധാനസൗധയിൽ നടന്ന ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഗതാഗത മന്ത്രി ബൈരതി സുരേഷാണ് നിർണായക നിർദേശങ്ങൾ നൽകിയത്. ടാക്സി അല്ലെങ്കിൽ ഒാട്ടോ യാത്രയ്ക്ക് ശേഷം തുടർന്നുള്ള യാത്രയ്ക്കായി ബസ് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ആപ്പുകൾ തമ്മിലുള്ള ഡാറ്റ പങ്കിടൽ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനുപുറമെ, മെട്രോ ഫീഡർ സർവീസുകൾക്കായി 7 മീറ്റർ നീളമുള്ള 200 പുതിയ ഡീസൽ ബസുകൾ വാങ്ങാൻ ബി.എം.ടി.സി പദ്ധതിയിടുന്നുണ്ട്. ഇടുങ്ങിയ റോഡുകളിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ ഇത് സഹായിക്കും. പുതിയതായി വരുന്ന പിങ്ക് ലൈൻ ഉൾപ്പെടെ എല്ലാ മെട്രോ സ്റ്റേഷനുകളിലേക്കും ഫീഡർ ശൃംഖല വ്യാപിപ്പിക്കും.

പി.എം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിൽ ലഭ്യമാകുന്ന ഇലക്ട്രിക് ബസുകളിൽ നിന്ന് 200 മിനി എ.സി ബസുകൾ മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ ചുറ്റളവിൽ സർവീസ് നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഐ.ടി ജീവനക്കാർ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ടെക് കമ്പനികളിലേക്ക് കൂടുതൽ എ.സി ബസ് സർവീസുകൾ ആരംഭിക്കും. ടിക്കറ്റില്ലാ യാത്രയും വരുമാന ചോർച്ചയും തടയാൻ കർശന നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts