ബെംഗളൂരുവിൽ ചൂട് സാധാരണയേക്കാൾ 4 ഡിഗ്രി കൂടുതൽ; താപനില ഇനിയും വർധിക്കും

ബെംഗളൂരു: കർണാടകയിൽ മഴയുടെ അളവ് കുത്തനെ കുറഞ്ഞതോടെ വരുന്ന ഒരാഴ്ച സംസ്ഥാനത്ത് ചൂട് ഇനിയും വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD). വരും ദിവസങ്ങളിൽ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ സി.എസ്. പാട്ടീൽ അറിയിച്ചു.

അന്തരീക്ഷത്തിൽ സജീവമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഇല്ലാത്തതാണ് വരണ്ട കാലാവസ്ഥയ്ക്ക് കാരണമായത്. മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശമായതിനാൽ പകൽ സമയത്ത് കൂടുതൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ഭൂതല താപനില ഉയർത്തുന്നു. കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ച കുറഞ്ഞ മഴ കാരണം മണ്ണിലെ ഈർപ്പത്തിന്റെ അളവ് കുറഞ്ഞതും ചൂട് വേഗത്തിൽ വർധിക്കാൻ ഇടയാക്കി. എൽ നിനോ പ്രഭാവവും ഇന്ത്യൻ ഓഷ്യൻ ഡിപോൾ (IOD), മഡൻ-ജൂലിയൻ ഓസിലേഷൻ (MJO) തുടങ്ങിയ പ്രാദേശിക കാലാവസ്ഥാ സംവിധാനങ്ങൾ ദുർബലമായതുമാണ് ഈ വർഷം മൺസൂൺ മന്ദഗതിയിലാകാൻ കാരണം.
ബെംഗളൂരുവിൽ സാധാരണ ലഭിക്കേണ്ട 28-29 ഡിഗ്രി സെൽഷ്യസിന് പകരം നിലവിൽ 32-33 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 4 ഡിഗ്രി കൂടുതലാണ്. വടക്കൻ ഉൾനാടൻ കർണാടകയിൽ ചൂട് അതിരൂക്ഷമാണ്. കൽബുർഗിയിൽ 36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ മറ്റു പല വടക്കൻ ജില്ലകളിലും ചൂട് സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ ഉയർന്നു. തെക്കൻ ഉൾനാടൻ ജില്ലകളിലും 4 ഡിഗ്രിയോളം ചൂട് കൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 26 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ മാത്രം 40 മുതൽ 50 ശതമാനം വരെ മഴയുടെ കുറവുണ്ടായി. സെപ്റ്റംബർ 11, 12, 14 തീയതികളിൽ ബെംഗളൂരുവിൽ ചെറിയ രീതിയിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സെപ്റ്റംബർ 16-ന് ശേഷമേ സംസ്ഥാനത്ത് വ്യാപകമായി മഴ തിരികെ എത്താൻ സാധ്യതയുള്ളൂ. ജലാശയങ്ങളിലും മണ്ണിലും ഈർപ്പം കുറഞ്ഞത് വരുന്ന മാസങ്ങളിലും ഉയർന്ന താപനിലയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts