ബെംഗളൂരു: ക്വിക്ക് ഡെലിവറി ആപ്പുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും വീണ്ടും ആശങ്ക ഉയരുന്നു. തീരദേശ നഗരമായ മംഗളൂരുവിൽ പ്രമുഖ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ‘ബ്ലിങ്കിറ്റ്’ വഴി വിതരണം ചെയ്ത മുട്ടയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത് ഉപഭോക്താക്കളെ ഞെട്ടിച്ചു. സംഭവത്തെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിതരണ കേന്ദ്രത്തിൽ നിന്ന് കേടായതും ചീഞ്ഞതുമായ വൻ മുട്ടശേഖരം കണ്ടെത്തി.
മംഗളൂരു ഫൽനീറിലെ ‘ഫൽനീർ സ്‌ക്വയറിൽ’ പ്രവർത്തിക്കുന്ന ബ്ലിങ്കിറ്റ് ഹബ്ബിൽ നിന്ന് മുട്ട ഓർഡർ ചെയ്ത ഉപഭോക്താവിനാണ് ദുരനുഭവമുണ്ടായത്. ഡെലിവറി ലഭിച്ച പാക്കറ്റ് തുറന്നു പരിശോധിച്ചപ്പോൾ മുട്ടകൾക്കുള്ളിൽ പുഴുക്കൾ ഇഴഞ്ഞുനടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തിയ ഉപഭോക്താക്കൾ, വിഷയം ഉടൻ തന്നെ സ്പീക്കർ യു.ടി. ഖാദറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും നേരിട്ട് പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ-സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം ഫൽനീർ സ്‌ക്വയറിലെ ബ്ലിങ്കിറ്റ് സ്റ്റോറിലും ഗോഡൗണിലും മിന്നൽ റെയ്ഡ് നടത്തി. പരിശോധനയിൽ സംഭരണകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന നിരവധി മുട്ട പാക്കറ്റുകൾ പൊട്ടിയ നിലയിലും, ചീഞ്ഞഴുകി ശക്തമായ ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിലും കണ്ടെത്തി.
പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്ന ഇത്തരം കേടായ മുട്ട പാക്കറ്റുകൾ ഉടൻ തന്നെ പരിസരത്തുനിന്ന് നീക്കം ചെയ്ത് നശിപ്പിക്കാൻ ഉദ്യോഗസ്ഥർ ബ്ലിങ്കിറ്റ് ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി. കൂടാതെ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്റ്റോറിന്റെ സംഭരണമുറി താൽക്കാലികമായി സീൽ ചെയ്യാൻ തീരുമാനിക്കുകയും സംഭവത്തിൽ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിൽ അടിയന്തരമായി ആവശ്യമായ ക്രമീകരണങ്ങളും ശുചിത്വവും ഉറപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]