ബെംഗളൂരു:
കർണാടകയിൽ ജയിൽ അധികൃതരുടെയും പൊലീസിന്റെയും നിരുത്തരവാദിത്തപരമായ നിലപാടുകളിൽ പ്രതിഷേധിച്ച് രണ്ടിടങ്ങളിലായി ആത്മഹത്യാശ്രമം. ധാർവാഡ് ജില്ലാ സെൻട്രൽ ജയിലിലെ തടവുകാരനും കലബുറഗി നെലോഗി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ധാർവാഡ് സെൻട്രൽ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനും അരാജകത്വത്തിനുമെതിരെ കഴിഞ്ഞ രണ്ട് ദിവസമായി തടവുകാർ പ്രതിഷേധത്തിലായിരുന്നു. എന്നാൽ അധികൃതർ ഇതിനോട് പ്രതികരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപാതക കേസിൽ കഴിഞ്ഞ ഒന്നര വർഷമായി ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മിറാജ് സ്വദേശി മഹേഷ് എന്ന തടവുകാരൻ ഫിനോൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ധാർവാഡ് സബർബൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, കലബുറഗി ജില്ലയിലെ ജെവാർഗി താലൂക്കിലുള്ള നെലോഗി പൊലീസ് സ്റ്റേഷൻ വളപ്പിൽ യതനൂർ ഗ്രാമവാസിയായ രേവുഭായി എന്ന സ്ത്രീ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഴയ വൈരാഗ്യത്തിന്റെ പേരിൽ ഗ്രാമവാസികളുടെ ക്രൂരമായ ആക്രമണത്തിനിരയായ ഇവർ പരാതി നൽകാൻ സ്റ്റേഷനിലെത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. ദിവസങ്ങളോളം പൊലീസിൽ നിന്ന് നീതി ലഭിക്കാതെ പീഡനം നേരിട്ടതിനെ തുടർന്നാണ് ഇവർ വിഷം കഴിച്ചത്. നിലവിൽ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രേവുഭായിക്ക് നീതി നിഷേധിച്ച പൊലീസുകാർക്കെതിരെ കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.
