ബെംഗളൂരു: യാത്രക്കാരുടെ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ 15 കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് ഡ്രൈവർ. നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (NWKRTC) ബസിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വഴിമധ്യേ ഹെഡ്ലൈറ്റ് കേടായിട്ടും യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൈയടി നേടുമ്പോഴും, ഗ്രാമീണ മേഖലയിലെ ബസുകളുടെ അപകടാവസ്ഥയ്ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെ ഹുബ്ബള്ളിയിൽ നിന്ന് ആട്ടിഗേരിയിലേക്ക് പുറപ്പെട്ട ബസാണ് അപകടസാധ്യത മുന്നിൽക്കണ്ട് യാത്ര തുടർന്നത്. കുന്ദഗോൾ താലൂക്കിലെ സാൻഷിക്ക് സമീപമെത്തിയപ്പോൾ സാങ്കേതിക തകരാറിനെ തുടർന്ന് ബസിന്റെ ഹെഡ്ലൈറ്റുകൾ പൂർണ്ണമായി അണയുകയായിരുന്നു. വിജനമായ വഴിയിൽ രാത്രി സമയത്ത് യാത്രക്കാരെ വഴിയിൽ ഉപേക്ഷിക്കാൻ കഴിയാത്തതിനാലാണ് സാഹസികമായ ബദൽ മാർഗ്ഗം സ്വീകരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ ഫോണുകളിലെ ടോർച്ച് വെളിച്ചം റോഡിലേക്ക് തെളിച്ചുകൊടുത്തു.
ഈ വെളിച്ചത്തിന്റെ സഹായത്തോടെ ഡ്രൈവർ സാൻഷിയിൽ നിന്ന് ഗുഡഗേരി വഴിയാണ് ആട്ടിഗേരിയിലേക്ക് ബസ് ഓടിച്ചത്. സാധാരണ 15 മുതൽ 20 മിനിറ്റ് വരെ മാത്രം സമയമെടുക്കുന്ന ഈ ദൂരം സഞ്ചരിക്കാൻ അതീവ ജാഗ്രതയോടെ ഒന്നര മണിക്കൂറോളമെടുത്തു. ഡ്രൈവറുടെ ശ്രദ്ധാപൂർവ്വമായ ഡ്രൈവിംഗിൽ മുഴുവൻ യാത്രക്കാരും സുരക്ഷിതരായി ഗ്രാമങ്ങളിലെത്തി. എന്നാൽ, ഗ്രാമീണ റൂട്ടുകളിൽ സർവീസ് നടത്തുന്ന പഴയ ബസുകളുടെ ശോഷിച്ച അവസ്ഥയും അറ്റകുറ്റപ്പണികളിലെ വീഴ്ചയുമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് യാത്രക്കാർ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]