ഓഫീസ് സമയം കഴിഞ്ഞ് വീട്ടിൽ പോകാൻ മടി?, ജീവനക്കാർ സ്വയം രാത്രിയും ഞായറാഴ്ചയും ജോലി ചെയ്യുന്നു; ബെംഗളൂരു സിഇഒയുടെ പോസ്റ്റ് വൈറൽ

ബെംഗളൂരു:  തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന കാലത്ത്, അധിക ശമ്പളമോ ബോണസോ ഇല്ലാതെ ജീവനക്കാർ രാത്രിയിലും ഞായറാഴ്ചകളിലും അധികസമയം ജോലി ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തി ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സിഇഒ. ബെംഗളൂരുവിലെ ‘റഫറഷ്’ (Referush) എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ വിക്രം പൈ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വ്യാപകമായി വൈറലാകുന്നത്.

മോട്ടിവേഷൻ ബോണസല്ല, ‘പ്രതികാരം’!
തങ്ങളുടെ കമ്പനിയോട് മോശമായി പെരുമാറിയ ഒരു മുൻ ഉപഭോക്താവ് വിപണിയിൽ തങ്ങൾക്ക് മത്സരമായി പുതിയൊരു ഉൽപ്പന്നം ഇറക്കിയതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതോടെ എതിരാളിയോട് പൊരുതി ജയിക്കാൻ ടീം അംഗങ്ങൾ സ്വയം മുന്നോട്ടുവരികയും കഠിനാധ്വാനം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു എന്ന് വിക്രം പൈ വ്യക്തമാക്കുന്നു.

പരാജയപ്പെട്ട ഓഫറുകൾ, വിജയിച്ച പക
നേരത്തെ ജീവനക്കാരുടെ ജോലിയിലെ വേഗതയും ഉൽപ്പാദനക്ഷമതയും കൂട്ടാൻ ബോണസുകൾ, ഇൻസെന്റീവുകൾ, സമയപരിധികൾ, കമ്പനിയിലെ ഓഹരികൾ തുടങ്ങി നിരവധി മാർഗങ്ങൾ പരീക്ഷിച്ചിരുന്നതായി സിഇഒ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു ആനുകൂല്യത്തിനും സാധിക്കാത്ത മാറ്റമാണ് എതിരാളിയോടുള്ള വാശി ജീവനക്കാരിൽ ഉണ്ടാക്കിയത്. അടിയന്തര സാഹചര്യങ്ങളിലൊഴികെ വരുന്ന മൂന്ന് ആഴ്ചത്തേക്ക് ഞായറാഴ്ചകളിൽ പോലും അവധിയെടുക്കില്ലെന്ന് ജീവനക്കാരിലൊരാൾ അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും സിഇഒ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ചോദ്യം ചെയ്ത് നെറ്റിസൺസ്: ഇത് ആത്മാർത്ഥതയോ അതോ വിഡ്ഢിത്തമോ?
പോസ്റ്റ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്നും ഉയരുന്നത്. വിക്രം പൈ പങ്കുവെച്ച സന്ദേശത്തിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. തങ്ങളോട് മോശമായി പെരുമാറിയ ഒരു ഉപഭോക്താവിനോട് മത്സരിക്കാൻ ജീവനക്കാർ സ്വന്തം അവധി ദിനങ്ങൾ വേണ്ടെന്നുവെച്ച് പണിയെടുക്കുന്നത് അർത്ഥശൂന്യമാണെന്ന് ഒരു വിഭാഗം വിമർശിച്ചു. മുൻപ് ഇതേ രീതി പരീക്ഷിച്ചപ്പോൾ ജീവനക്കാർ ആ സമയം ഉപയോഗിച്ച് എതിരാളികളുടെ സിസ്റ്റത്തിൽ ‘DDoS’ ആക്രമണം നടത്തുകയാണ് ചെയ്തതെന്ന് മറ്റൊരു നെറ്റിസൺ തമാശയായി കുറിച്ചു. സംഭവം സത്യമാണെങ്കിൽ ആ കമ്പനിയുടെ പേര് പരസ്യമായി വെളിപ്പെടുത്തണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts