ഉബർ ഓട്ടോ ഗുഡ്സ് ഡെലിവറി സർവീസ് ആരംഭിച്ചു; പ്രതിഷേധ ഭീഷണി മുഴക്കി ഗിഗ് തൊഴിലാളികൾ

ബെംഗളൂരു: കർണാടക മോട്ടോർ വാഹന നിയമങ്ങളും 1988-ലെ മോട്ടോർ വാഹന നിയമവും ലംഘിച്ച് പാസഞ്ചർ ഓട്ടോറിക്ഷകൾ ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കാൻ അനുമതി നൽകി പ്രമുഖ ടാക്സി അഗ്രിഗേറ്ററായ യൂബർ. ‘പാഴ്സൽ മിനി 3W’ എന്ന പേരിൽ ബെംഗളൂരുവിൽ പുതിയ സേവനം ആരംഭിച്ച യൂബറിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഗിഗ് തൊഴിലാളികൾ രംഗത്തെത്തി. അടുത്ത ആഴ്ച മുതൽ വൻ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.

നിയമപ്രകാരം കോൺട്രാക്ട് കാര്യേജ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ള പാസഞ്ചർ ഓട്ടോറിക്ഷകളിൽ പരമാവധി മൂന്ന് യാത്രക്കാർക്കും അവരുടെ വ്യക്തിഗത ലഗേജുകൾക്കും മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. ഇവയെ വാണിജ്യാടിസ്ഥാനത്തിൽ ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്നത് കർണാടകയിൽ പൂർണ്ണമായും നിയമവിരുദ്ധമാണ്. യൂബറിന് പുറമെ റാപ്പിഡോ, പോർട്ടർ എന്നീ കമ്പനികളും നിലവിൽ ഇത്തരം നിയമവിരുദ്ധ സേവനങ്ങൾ നഗരത്തിൽ നൽകുന്നുണ്ട്. മുൻപ് ഒലയും സമാന രീതിയിൽ സർവീസ് നടത്തിയിരുന്നു.

വിഷയത്തിൽ ഗതാഗത വകുപ്പിന്റെ പങ്ക് നിരാശാജനകമാണെന്ന് നോണ്ട ചാലകര വേദി പ്രസിഡന്റ് രാജു എൻ ആരോപിച്ചു. ജൂണിൽ ഈ വിഷയത്തിൽ പ്രതിഷേധിച്ചപ്പോൾ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഴ്ചയ്ക്കുള്ളിൽ വിഷയം പരിഹരിച്ചില്ലെങ്കിൽ, സാധനങ്ങൾ കടത്തുന്ന പാസഞ്ചർ ഓട്ടോകൾ തടഞ്ഞുനിർത്തി ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകുമെന്നും ഗിഗ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.

അതേസമയം, പ്രശ്നത്തിൽ തങ്ങൾക്ക് സർവീസുകൾ നിർത്തിവെക്കാൻ ഔദ്യോഗിക നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് അഗ്രിഗേറ്റർ കമ്പനികളുടെ നിലപാട്. ഗതാഗത വകുപ്പ് തങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും വിശദീകരണം മാത്രമാണ് ചോദിച്ചിട്ടുള്ളതെന്നും, സേവനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു പ്രമുഖ അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സർവീസ് നിർത്തിവെക്കുകയാണെങ്കിൽ അത് എല്ലാ കമ്പനികൾക്കും ഒരുപോലെ ബാധകമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിക്കാൻ യൂബർ തയ്യാറായിട്ടില്ല.

അഗ്രിഗേറ്റർ നയത്തിലെ അപാകതകളാണ് നടപടിയെടുക്കുന്നതിന് തടസ്സമാകുന്നതെന്ന് ഗതാഗത വകുപ്പ് അഡീഷണൽ കമ്മീഷണർ (എൻഫോഴ്സ്മെന്റ്, സൗത്ത്) എം.പി. ഓംകാരേശ്വരി വ്യക്തമാക്കി. നയം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലായതിനാൽ നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ വകുപ്പിന് സാധിക്കുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഓട്ടോ ഡ്രൈവർമാർക്കെതിരെ മാത്രമാണ് നടപടിയെടുക്കാൻ സാധിച്ചത്. നയത്തിൽ മാറ്റം വരുത്താനുള്ള ചർച്ചകൾ നടന്നു വരികയാണെന്നും അവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts