യാത്രക്കാരുടെ സ്വപ്നത്തിന് വീണ്ടും തിരിച്ചടി; ഈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പറും ഇല്ല;

ബെംഗളൂരു: ഐടി തലസ്ഥാനമായ ബെംഗളൂരുവിനെയും സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിച്ച് വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് വീണ്ടും വൈകും. ഓഗസ്റ്റിൽ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രെയിൻ ഓടിക്കുന്നതിനാവശ്യമായ റേക്ക് സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ബെംഗളൂരുവിലുണ്ടായിരുന്ന റേക്ക് ഡൽഹിയിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് അടിയന്തര നിർദേശം നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ആഴ്ചയിൽ ആറ് ദിവസം ഇരുദിശകളിലേക്കും രാത്രികാല സർവീസ് നടത്തുന്ന രീതിയിലാണ് ട്രെയിൻ ക്രമീകരിച്ചിരുന്നത്. ഇതിനായി രണ്ട് വന്ദേ ഭാരത് സ്ലീപ്പർ റേക്കുകൾ ആവശ്യമാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബി.ഇ.എം.എൽ) ചേർന്ന് നിർമിച്ച ആറ് സ്ലീപ്പർ റേക്കുകളിൽ രണ്ടെണ്ണം നിലവിൽ ഹൗറ-കാമാഖ്യ സർവീസിനായി ഉപയോഗിക്കുന്നുണ്ട്.

ബെംഗളൂരു-മുംബൈ റൂട്ടിനായി അനുവദിച്ചിരുന്ന രണ്ട് റേക്കുകളിൽ ഒന്നാണ് ഇപ്പോൾ വടക്കൻ റെയിൽവേയ്ക്ക് കീഴിലുള്ള ഡൽഹിയിലെ ഷകൂർ ബസ്തി സ്റ്റേഷനിലേക്ക് മാറ്റുന്നത്. ധർമവരം, റായ്ചൂർ, ബൽഹർഷാ, പൽവൽ വഴിയാണ് ഈ റേക്ക് ഡൽഹിയിലെത്തിക്കുക. രണ്ടാമത്തെ റേക്ക് ഇതുവരെ റെയിൽവേയ്ക്ക് കൈമാറിയിട്ടുമില്ല. സർവീസിനായി പുതിയ റേക്കുകൾ എന്ന് ലഭ്യമാകും എന്നതിലും വ്യക്തതയില്ല.

നിലവിൽ ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ ദിവസേന സർവീസ് നടത്തുന്ന ഏക ട്രെയിൻ ഉദ്യാൻ എക്‌സ്പ്രസാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് സെപ്റ്റംബർ അവസാനത്തോടെയെങ്കിലും ആരംഭിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിലാണ് യാത്രക്കാർ. സർവീസ് വൈകാതെ ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts