ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഭക്ഷണവും വൃത്തിഹീനമായ സാഹചര്യങ്ങളും നിലനിൽക്കുന്നുവെന്ന പൊതുജന പരാതികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണ വകുപ്പ് വ്യാപക റെയ്ഡ് നടത്തി. ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അതിർത്തികളിലായി ഒറ്റ ദിവസം കൊണ്ട് 64 പിജികളിലാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയത്. ആരോഗ്യമന്ത്രി യു.ടി. ഖാദറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു നടപടി.
അടുക്കളകളിലെ ശുചിത്വം, അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം, സംഭരണ രീതികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിൽ നിരവധി പിജികളിൽ കാലാവധി കഴിഞ്ഞതും തെറ്റായ ബ്രാൻഡഡ് നാമത്തിലുള്ളതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ തൈര്, ബിസിബെലെ ബാത്ത് പൗഡർ, അരിപ്പൊടി, സിന്തറ്റിക് ഫുഡ് കളർ, കുരുമുളക് എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി അധികൃതർ സ്ഥിരീകരിച്ചു. ഉൽപ്പന്നങ്ങളുടെ ലേബലിംഗും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ബൊമ്മസാന്ദ്രയിലെ ‘നന്ദന എലൈറ്റ്’ പിജിയിലാണ് ഏറ്റവും ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഇവിടെ താമസക്കാർ ഭക്ഷണം കഴിക്കുന്ന മേശയിൽ ഭക്ഷണസാധനങ്ങൾക്കൊപ്പം അട്ടയേയും കീടങ്ങളെയും നശിപ്പിക്കുന്ന വിഷപ്പൊടി സൂക്ഷിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി. കുടിവെള്ള വിതരണ കേന്ദ്രത്തിന് സമീപം ഉപയോഗശൂന്യമായ മറ്റ് വസ്തുക്കൾ അലങ്കോലമായി ഇട്ടിരുന്നതായും വ്യക്തമായി. തുടര്ന്ന് ഗുരുതരമായ നിയമലംഘനം ചൂണ്ടിക്കാട്ടി നന്ദന എലൈറ്റ് പിജിയുടെ ഡൈനിംഗ് ഏരിയ അധികൃതർ സംഭവസ്ഥലത്തുവെച്ചുതന്നെ സീൽ ചെയ്തു.
പരിശോധന നടത്തിയ 64 പിജികളിൽ ശുചിത്വമില്ലായ്മയും മാനദണ്ഡ ലംഘനവും കണ്ടെത്തിയ 23 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പിജികളിൽ താമസിക്കുന്നവർക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.
