ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പുതിയ ‘ബ്ലൂ ലൈൻ’ പാത പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാനുള്ള വൻ പദ്ധതി ഒരുങ്ങുന്നു. നിർദ്ദിഷ്ട പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ആദ്യത്തെ സോളാർ മെട്രോ എന്ന നേട്ടം നമ്മ മെട്രോയ്ക്ക് സ്വന്തമാകും. സിൽക്ക് ബോർഡ് മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 58.19 കിലോമീറ്റർ ദൂരത്തിൽ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) വിദഗ്ധ സംഘം നടത്തിയ പഠനത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സസ്റ്റൈനബിൾ ട്രാൻസ്പോർട്ട് ലബോറട്ടറി ഡയറക്ടർ പ്രൊഫ. ആശിഷ് വർമ്മയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പഠന റിപ്പോർട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) സമർപ്പിച്ചത്. 14,788 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ബ്ലൂ ലൈനിൽ ആകെ 30 സ്റ്റേഷനുകളാണുള്ളത്. ഇതിൽ സിൽക്ക് ബോർഡ് മുതൽ കെ.ആർ. പുരം വരെയുള്ള 19.75 കിലോമീറ്ററിൽ 13 സ്റ്റേഷനുകളും, കെ.ആർ. പുരം മുതൽ എയർപോർട്ട് വരെയുള്ള 38.44 കിലോമീറ്ററിൽ 17 സ്റ്റേഷനുകളുമാണ് ഉൾപ്പെടുന്നത്. പുറത്തുനിന്നുള്ള പരമ്പരാഗത വൈദ്യുതിയെ ആശ്രയിക്കാതെ തന്നെ ഈ ലൈനിലെ മുഴുവൻ ട്രെയിനുകളും സോളാർ ഊർജ്ജത്തിൽ ഓടിക്കാൻ കഴിയും.
ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ബി.എം.ആർ.സി.എല്ലിന് പ്രതിവർഷം 61 കോടി രൂപയുടെ വൈദ്യുതി ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ, പ്രതിവർഷം 44,526 ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് തടയാനും ബെംഗളൂരുവിലെ റോഡുകളിൽ നിന്ന് ഏകദേശം 19,000 പെട്രോൾ കാറുകൾ പൂർണ്ണമായി ഒഴിവാക്കുന്നതിന് തുല്യമായ പാരിസ്ഥിതിക നേട്ടമുണ്ടാക്കാനും ഇതിലൂടെ സാധിക്കും. വരാനിരിക്കുന്ന മറ്റ് മെട്രോ ലൈനുകളിലും സൗരോർജ്ജം ഉപയോഗിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് സമഗ്രമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.എം.ആർ.സി.എൽ അധികൃതർ അറിയിച്ചു.
