കൊച്ചി:
കൊച്ചി: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8-ലെ മറ്റ് പ്രമുഖ മത്സരാർത്ഥികളുടെ വിവരങ്ങൾ പുറത്തുവന്നു. സിനിമ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
ചലച്ചിത്ര-സീരിയൽ രംഗത്തുനിന്ന് ഗായത്രി സുരേഷ്, മൃദുല വിജയ്, ശ്രീലയ, റിനി ആൻ ജോർജ്, അഞ്ജലി, സുമേഷ് ചന്ദ്രൻ, ഗൗതം ശശി, ജസീലാ പർവീൺ, രാഹുൽ ഈശ്വർ, നോബി ബിനു, ഐശ്വര്യ മധു, നേഹ ഫാത്തിമ, കാളി, മുഹമ്മദ് ആസിഫ് എന്നിവരാണ് സെലിബ്രിറ്റി മത്സരാർത്ഥികളായി ഹൗസിലെത്തുന്നത്.
ഇവർക്ക് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയരായ ശ്രീരാജ് കെ.എസ്. (കടൽ കൊമ്പൻ), ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ വിഗ്നേഷ് വേണു (വിക്കി തഗ്) എന്നിവരും ഇത്തവണത്തെ ബിഗ് ബോസ് ഹൗസിൽ അണിനിരക്കുന്നുണ്ട്. കലാ-സാംസ്കാരിക-സാമൂഹിക മേഖലകളിൽ നിന്നുള്ള ഈ വൈവിധ്യമാർന്ന മത്സരാർത്ഥികളുടെ സാന്നിധ്യം ഇത്തവണത്തെ സീസണിനെ കൂടുതൽ പോരാട്ടവീര്യമുള്ളതാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
40 മത്സരാർത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ 8 ‘അഗ്നിപരീക്ഷ’ പോരാട്ടത്തിനൊടുവിൽ നാല് പേർ പ്രധാന ബിഗ് ബോസ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഷിജിൻ, എൽദോ, രാകേഷ്, ലോലീറ്റ എന്നിവരാണ് പ്രേക്ഷക വോട്ടിന്റെയും ജഡ്ജസിന്റെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ അവസാന റൗണ്ടിലെത്തിയ 12 പേരിൽ നിന്ന് ഹൗസിലേക്ക് പ്രവേശനം നേടിയത്. മോഹൻലാൽ ആണ് വിജയികളെ വേദിയിൽ പ്രഖ്യാപിച്ചത്. ഇതോടെ പടിവാതിൽക്കൽ വച്ച് എട്ടുപേർ പുറത്തായി.
തുടക്കത്തിൽ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ പോലും ഇടംപിടിക്കാതിരുന്ന ഷിജിന്റെ മുന്നേറ്റമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ടാസ്കുകൾ മനസ്സിലാക്കുന്നില്ലെന്നും ഡ്രാമ ആർട്ടിസ്റ്റാണെന്നും സഹമത്സരാർത്ഥികൾ വിമർശിച്ച ഷിജിൻ, വിമർശനങ്ങൾ കാറ്റിൽപ്പറത്തിയാണ് പ്രേക്ഷക പിന്തുണയോടെ ഹൗസിലേക്ക് കയറിയത്. നിലപാടില്ലാത്തവനെന്നും ‘തോറ്റ എം.എൽ.എ’ എന്നും ആരോപണങ്ങൾ നേരിട്ട എൽദോ, ടാസ്കുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് ബിഗ് ബോസ് ഹൗസിലേക്ക് കാലെടുത്തുവെച്ചത്. മുൻഗണനാ ടാസ്കിൽ ഷിജിനെ പിന്തുണച്ച ഒരേയൊരു മത്സരാർത്ഥിയും എൽദോ ആയിരുന്നു.
തുടക്കം മുതൽ വിനോദ പരിപാടികളിലൂടെ ശ്രദ്ധേയനായ കൊച്ചി സ്വദേശി രാകേഷും, ‘ക്യൂട്ട്നെസ് റാണി’ എന്നറിയപ്പെട്ട ലോലീറ്റയുമാണ് ഹൗസിലെത്തിയ മറ്റ് രണ്ടുപേർ. എൻ്റർടൈൻമെന്റും ക്യൂട്ട്നെസ്സും മാത്രം കൊണ്ട് അതിജീവിക്കാനാവില്ലെന്ന സഹമത്സരാർത്ഥികളുടെ പ്രവചനങ്ങളെ പ്രേക്ഷക വോട്ടിലൂടെ ഇരുവരും തിരുത്തിക്കുറിച്ചു.
പ്രധാന ഹൗസിലെ മറ്റ് സെലിബ്രിറ്റി മത്സരാർത്ഥികളെ അപേക്ഷിച്ച് ഗെയിമുകളെക്കുറിച്ചും ടാസ്കുകളെക്കുറിച്ചും വ്യക്തമായ അനുഭവസമ്പത്തോടെയാണ് ഇവർ നാലുപേരും എത്തുന്നത്. അതിനാൽ തന്നെ, സീസൺ 8 കിരീട പോരാട്ടത്തിൽ ഈ നാല് പേർ ഉയർത്തുന്ന വെല്ലുവിളി നിർണായകമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
