കോക്രോച്ച് ജനതാ പാർട്ടിയിൽ പിളർപ്പ്; അഭിജിത് ദീപ്‌കെയ്‌ക്കെതിരെ വിമർശനവുമായി ‘സിജെപി-ഡെമോക്രാറ്റിക്’ നിലവിൽ വന്നു

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിളർന്നു. സംഘടനയിൽ നിന്ന് രാജിവെച്ച ഒരുവിഭാഗം നേതാക്കൾ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക്’ (സിജെപി-ഡി) എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. സിജെപി നേതാവ് അഭിജിത് ദീപ്‌കെയ്‌ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് മനീഷ് ബ്രഹ്മഭട്ടും സംഘവും സംഘടന വിട്ടത്.

അഭിജിത് ദീപ്‌കെയും സംഘവും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ടീമായി മാറിയെന്ന് മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. വിദ്യാർഥി സമരങ്ങളുടെ വിജയത്തിന് പിന്നാലെ, യാതൊരുവിധ കൂടിയാലോചനകളും നടത്താതെ പ്രസ്ഥാനത്തെ രാഷ്ട്രീയ പാർട്ടിയാക്കാൻ ദീപ്‌കെ നീക്കം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. യാതൊരു സുതാര്യതയുമില്ലാതെ ഏകപക്ഷീയമായാണ് 12 അംഗ നയരൂപീകരണ സമിതിക്ക് രൂപം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക്കിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വാട്സാപ്പ് നമ്പർ, മിസ്ഡ് കോൾ നമ്പർ എന്നിവ പുറത്തിറക്കിയതായും മനീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സുതാര്യതയിലും ഉത്തരവാദിത്തത്തിലും വിശ്വസിക്കുന്ന ഏതൊരാൾക്കും പുതിയ പ്രസ്ഥാനത്തിൽ അംഗത്വമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.

നിക്ഷിപ്ത രാഷ്ട്രീയ താല്പര്യമുള്ളവർ സിജെപിയെ കയ്യടക്കിയതാണ് പുതിയ കൂട്ടായ്മ രൂപീകരിക്കാൻ വഴിതെളിച്ചതെന്ന് ബ്രഹ്മഭട്ട് കുറ്റപ്പെടുത്തി. ഇത് കെജരിവാളിന്റെ പാർട്ടിയായി മാറുകയല്ല വേണ്ടതെന്നും, മറിച്ച് രാജ്യത്തിന്റെ ആകെ ശബ്ദമാകുന്ന പ്രസ്ഥാനമായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ തോൽപ്പിക്കുക എന്നത് മാത്രമാണ് ചില നേതാക്കളുടെ അജണ്ടയെന്നും, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനോ വിവിധ സംസ്ഥാനങ്ങളിലെ അഴിമതിക്കെതിരെ സംസാരിക്കാനോ അവർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നിക്ഷിപ്ത രാഷ്ട്രീയ ശൈലിക്കെതിരെയുള്ള പോരാട്ടമായാണ് ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക്’ പ്രവർത്തിക്കുകയെന്നും മനീഷ് ബ്രഹ്മഭട്ട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts