ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലെ (ഒ.ആർ.ആർ) ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ നിർദേശവുമായി ബംഗളൂരു ട്രാഫിക് പൊലീസ്. വാഹനമോടിക്കുമ്പോൾ ജീവനക്കാർ ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ നിർദേശം നൽകണമെന്ന് ട്രാഫിക് പൊലീസ് ഐ.ടി കമ്പനികളോട് ആവശ്യപ്പെട്ടു. ഔട്ടർ റിംഗ് റോഡിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി തയ്യാറാക്കിയ കോർപ്പറേറ്റ് മൊബിലിറ്റി പ്രസന്റേഷന്റെ ഭാഗമായാണ് ഈ ശുപാർശ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഡ്രൈവിംഗിനിടയിൽ ഫോൺ കോളുകളിലും ഓൺലൈൻ മീറ്റിംഗുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡ്രൈവർമാരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും വാഹനം വേഗത കുറയ്ക്കുന്നതിനും പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനും ഇടയാക്കുമെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഇത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമോ വാഹനം പൂർണ്ണമായും നിർത്തിയിട്ട ശേഷമോ മാത്രം മീറ്റിംഗുകളിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് നിർദേശം നൽകണമെന്നാണ് പൊലീസ് കമ്പനികളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
എന്നാൽ ട്രാഫിക് പൊലീസിന്റെ ഈ നിർദേശത്തോട് ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ (ഒ.ആർ.ആർ.സി.എ) വിയോജിപ്പ് പ്രകടിപ്പിച്ചു. വൺവേ തെറ്റിച്ചുള്ള ഡ്രൈവിംഗ്, നിയമവിരുദ്ധമായ പാർക്കിംഗ്, തിരക്കേറിയ സമയങ്ങളിലെ വലിയ വാഹനങ്ങളുടെ ഗതാഗതം തുടങ്ങിയ അടിസ്ഥാന ഗതാഗത ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് പൊലീസ് ആദ്യം ശ്രദ്ധിക്കേണ്ടതെന്ന് ഒ.ആർ.ആർ.സി.എ വക്താവ് വ്യക്തമാക്കി. യാത്രാവേളയിൽ ജോലികൾ ചെയ്യുന്നത് ക്രമീകരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ പ്രധാനം അടിസ്ഥാന ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിൽ സമയം ലാഭിക്കാനാണ് ഡ്രൈവിംഗിനിടയിലും ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതെന്ന് ജീവനക്കാരും വ്യക്തമാക്കുന്നു. റോഡിലെ സമയനഷ്ടം ഒഴിവാക്കാൻ ജീവനക്കാർ കണ്ടുപിടിച്ച ഈ രീതി പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഇവരുടെ പക്ഷം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]