ബെംഗളൂരു: ഐടി നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഔട്ടർ റിംഗ് റോഡ് (ORR) വലിയ നവീകരണത്തിനൊരുങ്ങുന്നു. ഈ ഭാഗത്തെ നിലവിലുള്ള 17.1 കിലോമീറ്റർ നീളമുള്ള ടാർ റോഡ് (അസ്ഫാൽറ്റ്) പൂർണ്ണമായും നീക്കം ചെയ്ത് കൂടുതൽ ഈടുനിൽക്കുന്ന സിമന്റ് കോൺക്രീറ്റ് റോഡാക്കി (വൈറ്റ് ടോപ്പിങ്ങ്) മാറ്റാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികയും (ബിബിഎംപി) കർണാടക സർക്കാരും തീരുമാനിച്ചു. ഏകദേശം 378 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ വൻകിട പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. നിർമാണ പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിക്കും.
നഗരത്തിലെ 23 ടെക് പാർക്കുകളിലെയും 450-ലധികം പ്രമുഖ ഐടി കമ്പനികളിലെയും ജീവനക്കാർ ഉൾപ്പെടെ എട്ട് ലക്ഷത്തിലധികം ആളുകളാണ് ദിവസേന ഈ ഔട്ടർ റിംഗ് റോഡ് ഇടനാഴിയെ ആശ്രയിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രധാന റോഡിൽ 190 മില്ലീമീറ്റർ കട്ടിയുള്ള കോൺക്രീറ്റ് പ്രതലം നിർമ്മിക്കും. ഇതിനുപുറമേ സർവീസ് റോഡുകളുടെ പുനർനിർമ്മാണം, ഓടകളുടെ നവീകരണം, നടപ്പാതകളുടെ വികസനം എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. പദ്ധതി പൂർത്തിയാക്കാൻ ഔദ്യോഗികമായി ഒരു വർഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഒൻപത് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എന്നാൽ പണി പൂർത്തിയാകുന്നത് വരെ ഈ മേഖലയിലെ ഗതാഗതം സങ്കീർണ്ണമാകാനാണ് സാധ്യത.
ആറ് പ്രധാന ജംഗ്ഷനുകളിൽ കനത്ത ഗതാഗതക്കുരുക്ക് നേരിടും
നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതോടെ നിലവിലുള്ള യാത്രാ സമയം ഇരട്ടിയായി വർധിക്കുമെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 45 മിനിറ്റ് വേണ്ടത്ര യാത്രയ്ക്ക് 90 മിനിറ്റും, ഒരു മണിക്കൂർ യാത്രയ്ക്ക് രണ്ട് മണിക്കൂറിലധികവും സമയമെടുക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് താഴെ പറയുന്ന ആറ് പ്രധാന ഹോട്ട്‌സ്‌പോട്ടുകൾ പൂർണ്ണമായും ഗതാഗതക്കുരുക്കിൽപ്പെടും:
സിൽക്ക് ബോർഡ് ജംഗ്ഷൻ
എച്ച്എസ്ആർ ലേഔട്ട് ജംഗ്ഷൻ
അഗാര ജംഗ്ഷൻ
ഇബ്ലൂർ ജംഗ്ഷൻ
മാറത്തഹള്ളി ജംഗ്ഷൻ
കെ.ആർ. പുരം റോഡ്
യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന ബദൽ വഴികൾ
റോഡിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുജനങ്ങളും ഐടി ജീവനക്കാരും താഴെപ്പറയുന്ന ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്:
സർജാപൂർ റോഡ്
ഇന്റർമീഡിയറ്റ് റിംഗ് റോഡ് (IRR)
ഹൊസൂർ റോഡ് ഇടനാഴി
ബെംഗളൂരുവിലെ ഇന്നർ ലിങ്ക് റോഡുകൾ
നമ്മ മെട്രോ, ഫീഡർ ബസ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
ബദൽ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചും ഐടി ജീവനക്കാരുടെ ഓഫീസ് സമയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ബെംഗളൂരു ട്രാഫിക് പോലീസ് വിവിധ ഐടി കമ്പനികളുടെ അസോസിയേഷനുകളുമായി ചർച്ച നടത്തിവരികയാണ്. ഔദ്യോഗികമായ ഗതാഗത വഴിതിരിച്ചുവിടൽ പ്ലാൻ ഉടൻ തന്നെ ട്രാഫിക് പോലീസ് പ്രഖ്യാപിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]