കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ ‘നാടൻ രുചി’ ഒരുങ്ങുന്നു

ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി അന്താരാഷ്ട്ര തീൻമേശകളിലേക്ക്. ഗ്രാമീണ സ്ത്രീകളുടെ കൈപ്പുണ്യത്തിൽ വിരിയുന്ന ഈ ഖഡക് ജോലാഡ റൊട്ടി (ചോള റൊട്ടി), അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ്. ഇതോടെ കല്യാണ കർണാടകയുടെ സാംസ്കാരിക അടയാളമായ ഈ വിഭവം ഒരു ആഗോള ബ്രാൻഡായി മാറാനുള്ള ചരിത്രപരമായ ചുവടുവെപ്പിലാണ്.

അസ്താം എക്സ്‌പോർട്ട് ആൻഡ് ഇംപോർട്ട് കമ്പനി വഴിയാണ് റൊട്ടിയുടെ വിദേശയാത്ര സുഗമമാകുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട ഗുണനിലവാര പരിശോധനയ്ക്കായി യുഎഇ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് 10 പെട്ടി വീതം റൊട്ടികൾ ഉടൻ അയക്കും. ബെംഗളൂരുവിലെ അമേരിക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ഈ റൊട്ടിയുടെ രുചിയിൽ ആകൃഷ്ടരായതോടെയാണ് അന്താരാഷ്ട്ര വിപണിയിലേക്കുള്ള സാധ്യതകൾ തെളിഞ്ഞത്. പ്രാഥമിക പരിശോധനകൾ പൂർത്തിയായാൽ ആദ്യ ഗഡുവായി പതിനായിരത്തോളം റൊട്ടികൾ വിദേശത്തേക്ക് കയറ്റി അയക്കും.

  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ

കലബുറഗിയിലെ ചുവന്ന മണ്ണിൽ വിളയുന്ന ‘മാൽദണ്ടി’ ജോവർ (ചോള) മാവിൽ നിന്നാണ് ഈ റൊട്ടികൾ നിർമ്മിക്കുന്നത്. ഉയർന്ന പോഷകമൂല്യമുള്ള ഈ ധാന്യം ആരോഗ്യവിപണിയിൽ ഏറെ പ്രിയപ്പെട്ടതാണ്. രാസവസ്തുക്കളോ പ്രിസർവേറ്റീവുകളോ ചേർക്കാതെ തന്നെ മാസങ്ങളോളം കേടുകൂടാതെ ഇരിക്കും എന്നതാണ് ഖഡക് റൊട്ടിയുടെ പ്രത്യേകത. ലോകമെമ്പാടും ‘ഗ്ലൂറ്റൻ ഫ്രീ’ ഭക്ഷണങ്ങൾക്ക് ആവശ്യം വർദ്ധിച്ചുവരുന്നത് കലബുറഗി റൊട്ടിയുടെ വിപണി സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

ഈ സംരംഭം ഗ്രാമീണ മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് വലിയ ഊർജ്ജമാണ് പകരുന്നത്. കൊറ്റനൂർ ഡി ഗ്രാമത്തിന് സമീപമുള്ള ജില്ലാ കാർഷിക പരിശീലന കേന്ദ്രത്തിൽ റൊട്ടി പാക്കിംഗിനായി വിപുലമായ സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സി.എസ്.ആർ (CSR) ഫണ്ടിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് റൊട്ടി നിർമ്മാണത്തിനായി ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ നൂറുകണക്കിന് സ്ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും സാമ്പത്തികമായി മെച്ചപ്പെടാനും സാധിക്കും. പ്രാദേശിക വിപണിയിൽ 150 രൂപയ്ക്ക് വിൽക്കുന്ന ഒരു പെട്ടി റൊട്ടിക്ക് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്ന ഉയർന്ന വില ജില്ലയുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ മാറ്റിമറിക്കും.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

നേരത്തെ കലബുറഗിയിലെ തൊഗരി (തുവരപ്പരിപ്പ്), കമലാപൂരിലെ ചുവന്ന വാഴപ്പഴം എന്നിവയ്ക്ക് ഭൂമിശാസ്ത്ര സൂചിക (GI Tag) പദവി ലഭിച്ചിരുന്നു. ഇതേ മാതൃകയിൽ കലബുറഗി റൊട്ടിക്കും ജി.ഐ ടാഗ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അത്തരമൊരു അംഗീകാരം കൂടി ലഭിക്കുന്നതോടെ കലബുറഗിയുടെ ഈ പരമ്പരാഗത വിഭവം ആഗോള വിപണിയിൽ ഔദ്യോഗികമായി സംരക്ഷിക്കപ്പെടുകയും അതിന്റെ ബ്രാൻഡ് മൂല്യം ഇരട്ടിയാവുകയും ചെയ്യും.

  ബെംഗളൂരു സബർബൻ റെയിൽവേ: ഹുസ്കൂർ സ്റ്റേഷൻ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല്; ആദ്യ ടി-ഗർഡർ വാർത്തെടുത്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us