വഖഫ് ഭൂമി പ്രശ്‌നത്തിൽ ഹാവേരിയിൽ സംഘർഷം

protest

ബെംഗളൂരു : വഖഫ് ഭൂമിപ്രശ്നം കർണാടകത്തിലെ ഹാവേരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിനിടയാക്കി.

കടകോള ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം നേതാക്കളുടെ വീടുകൾക്കുനേരേ കല്ലേറുണ്ടായി. ഏതാനുംപേർക്ക് പരിക്കേറ്റു.

ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് 32 പേരെ അറസ്റ്റുചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു. വിജയപുര ജില്ലയിൽ കർഷകർ പരമ്പരാഗതമായി കൈവശംവെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നൽകിയിരുന്നു.

ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇതിന്റെ തുടർച്ചയായാണ് അയൽജില്ലയായ ഹാവേരിയിലേക്കും പ്രതിഷേധം വ്യാപിച്ചത്.

കടകോള ഗ്രാമത്തിലെ ഭൂമിയും വഖഫ് ബോർഡ് ഏറ്റെടുക്കുകയാണെന്ന പ്രചാരണമുണ്ടായി. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.

അതേസമയം, ഗ്രാമത്തിൽ ആകെ മൂന്ന് വഖഫ് ഭൂമി മാത്രമേയുള്ളൂവെന്ന് റവന്യു അധികൃതർ വ്യക്തമാക്കി.
നിലവിൽ മേഖലയിലെ സംഘർഷാവസ്ഥ നീങ്ങിയെന്ന് ഹാവേരി എസ്.പി. അൻഷുകുമാർ വെള്ളിയാഴ്ച അറിയിച്ചു.

അതിനിടെ, വഖഫ് സ്വത്തുക്കൾ ദേശസാത്കരിക്കണമെന്നാവശ്യപ്പെട്ട് വിജയപുര എം.എൽ.എ.യും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ ബസനഗൗഡ പാട്ടീൽ യത്നൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.

വഖഫ് സ്വത്തുക്കളുടെ ശരിയായ ഭരണത്തിനും നീതിനിഷേധം ഒഴിവാകാനും ഇത് അനിവാര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെയും കർഷകരുടെയും ഭൂമി വഖഫ് ബോർഡ് കൈയേറുകയാണെന്നും കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us