ന്യൂഡല്‍ഹി: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ബി.ജെ.പി ഗൂഢാലോചനയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
സിദ്ധരാമയ്യക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാടെടുത്തു.
തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി കർണാടക യൂണിറ്റിന് കെ.സി വേണുഗോപാല്‍ നിർദേശം നല്‍കി.
കേസിനെ നിയമപരമായി നേരിടാനും സിദ്ധരാമയ്യ തീരുമാനിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരായ നീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പറഞ്ഞു.
രാജ്ഭവനെ ദുരുപയോഗം ചെയ്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
മൈസൂരു അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യക്കെതിരെ ഗവർണർ പ്രോസിക്യൂഷൻ അനുമതി നല്‍കിയത്.
അഴിമതി പുറത്ത് കൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ ടി.ജെ എബ്രഹാമിനോട് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് രാജ്ഭവനിലെത്തി കാണാനും ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് നിർദേശം നല്‍കി.
കർണാടകയില്‍ വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ച അഴിമതിയാണ് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി.
സ്ഥാപനത്തിന് ഭൂമി അനുവദിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും ഇതിലൂടെ സിദ്ധരാമയ്യയുടെ ഭാര്യ പാർവതി സിദ്ധരാമയ്യ നേട്ടമുണ്ടാക്കിയെന്നുമാണ് പരാതി.
2021ല്‍ മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി പാർവതി സിദ്ധരാമയ്യയുടെ ഉടമസ്ഥതയിലുള്ള കേസാരെ ഗ്രാമത്തിലെ ഭൂമി വികസനത്തിനായി ഏറ്റെടുത്തു.
ഇതിന് പകരമായി മൈസൂരുവിലെ വിദ്യാനഗറിലെ ഭൂമി കൈമാറുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.