ബെംഗളൂരു: ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാത്തതിന് 60,000 രൂപ നഷ്ടപരിഹാരം ചുമത്തി കര്‍ണാടക ഉപഭോക്തൃ കോടതി.
ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടത്.
ധാർവാഡ് സ്വദേശിനിയായ ശീതളാണ് സൊമാറ്റോക്കെതിരെ പരാതി നൽകിയത്.
2023 ഓഗസ്റ്റിലാണ് ശീതള്‍, സൊമാറ്റോ വഴി മോമോസ് ഓർഡർ ചെയ്തത്.
പണം അടച്ചെങ്കിലും ഭക്ഷണം എത്തിയില്ല.
തുടര്‍ന്നാണ് കേസ് കോടതിയിലെത്തുന്നത്.
ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് ധാർവാഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
ഏകദേശം ഒരു കൊല്ലത്തിനടുത്ത് എടുത്താണ് കേസില്‍ വിധി വരുന്നത്.
2023 ഓഗസ്റ്റ് 31നാണ് സൊമാറ്റോ വഴി ശീതള്‍, മോമോസ് ഓർഡർ ചെയ്യുന്നത്. ഗൂഗിള്‍ പേയിലൂടെ 133.25 രൂപ അടക്കുകയും ചെയ്തു.
ഭക്ഷണം കാത്തിരിക്കുന്നതിനിടെ ശീതളിനൊരു സന്ദേശം വന്നു, താങ്കള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിച്ചിരിക്കുന്നു എന്ന്.
എന്നാല്‍, തനിക്ക് ഓർഡർ ലഭിച്ചിട്ടില്ലെന്നും ഒരു ഡെലിവറി ഏജന്‍റും തന്‍റെ വീട്ടില്‍ വന്നില്ലെന്നും ശീതള്‍, ബന്ധപ്പെട്ട നമ്പറില്‍ അറിയിച്ചു.
ഡെലിവറി ഏജന്‍റ് ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുപോയന്നാണ് അപ്പോള്‍ ലഭിച്ച മറുപടി.
തുടര്‍ന്ന് വെബ്‌സൈറ്റ് വഴി ഡെലിവറി ഏജന്‍റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
പിന്നാലെ ശീതള്‍ സൊമാറ്റോയോട് ഇ-മെയില്‍ വഴി പരാതിപ്പെട്ടപ്പോള്‍ പ്രതികരണത്തിനായി 72 മണിക്കൂർ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്.
സൊമാറ്റോയില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാതായതോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13ന് ശീതള്‍ ഒരു ലീഗല്‍ നോട്ടീസ് അയച്ചു.
കോടതിയിലെത്തിയ സൊമാറ്റോ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ ഉപഭോക്താവിന്‍റെ പരാതിക്ക് 72 മണിക്കൂറിനകം മറുപടി നല്‍കാതിരുന്ന സൊമാറ്റോയുടെ പ്രതികരണം വിശ്വസനീയമല്ലെന്നാണ് കോടതി പറഞ്ഞത്.
അതേസമയം ഈ വർഷം മെയ് രണ്ടിന് ശീതളിന് സോമാറ്റോയില്‍ നിന്ന് 133.25 രൂപ നഷ്ടപരിഹാരം ലഭിച്ചു.
എന്നിരുന്നാലും, മോശം സേവനമാണ് സൊമാറ്റോ നല്‍കിയതെന്നും യുവതിക്കിത് മാനസിക സമ്മർദവും വേദനയും ഉണ്ടാക്കിയെന്നും കമ്മീഷൻ വ്യക്തമാക്കി.
പരാതിക്കാരിക്കുണ്ടായ അസൗകര്യത്തിനും മാനസിക സംഘര്‍ഷത്തിനും 50,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷൻ പ്രസിഡന്‍റ് ഇഷപ്പ കെ ഭൂട്ടെ സോമാറ്റോയോട് ഉത്തരവിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.