ബെംഗളൂരു : ലോക്കോ പൈലറ്റ് മുതൽ സുരക്ഷാ ജീവനക്കാർവരെ വനിതകൾ അണിനിരന്ന് രാജ്യറാണി എക്സ്‌പ്രസ് തീവണ്ടി ഇത്തവണയും കുതിച്ചു.
ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കായിരുന്നു യാത്ര. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായാണ് ദക്ഷിണ പശ്ചിമ റെയിൽവേ തീവണ്ടിയുടെ സാരഥ്യം വനിതാ ജീവനക്കാരെ മാത്രം ഏൽപ്പിച്ചത്.
ലോക്കോ പൈലറ്റ് സിരീഷാ ഗജനിയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ദി സോണയുമാണ് തീവണ്ടി നിയന്ത്രിച്ചത്.
പ്രിയദർശിനിയായിരുന്നു ട്രെയിൻ മാനേജർ. ഇവർക്കൊപ്പം ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥകളും, സുരക്ഷാ ജീവനക്കാരികളും റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിലെ ഉദ്യോഗസ്ഥകളും സജീവമായി.
ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് 11.30-ഓടെ പുറപ്പെട്ട തീവണ്ടി ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജർ അരവിന്ദ് ശ്രീവാസ്തവ ഫ്ളാഗോഫ് ചെയ്തു.
ദക്ഷിണ-പശ്ചിമ റെയിൽവേ വിമൻ വെൽഫെയർ ഓർഗനൈസേഷൻ അധ്യക്ഷ നമിത ശ്രീവാസ്തവ, ബെംഗളൂരു യൂണിറ്റ് അധ്യക്ഷ ശിഖ അഗർവാൾ, ഡിവിഷണൽ മാനേജർ യോഗേഷ് മോഹൻ എന്നിവർ ജീവനക്കാരികളെ അനുമോദിച്ചു.
കഴിഞ്ഞ വനിതാ ദിനത്തിലും രാജ്യറാണി എക്സ്‌പ്രസ് വനിതാ ജീവനക്കാരെ മാത്രമുൾപ്പെടുത്തി സർവീസ് നടത്തിയിരുന്നു.