തിരുവനന്തപുരം : ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി ക്രൈംബ്രാഞ്ച് കുറ്റപത്രം.
ജ്യൂസില്‍ കീടനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് പരാമര്‍ശം.
2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4ന് സൈനികനുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി.
2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടിൽവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് സെക്സ് ചാറ്റ് നടത്തി. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.
വിവാഹം അടുത്തുവരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു. പാരസെറ്റാമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു.
തിരുവിതാംകോടു നിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികള്‍ ചേര്‍ത്ത ലായനി ജ്യൂസ് കുപ്പിയില്‍ നിറച്ചു. ഷാരോണിന് ജ്യൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കുടിച്ചില്ല.
ഗുളിക കലര്‍ത്താത്ത ജ്യൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു. 14ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു.
വീട്ടിൽ എത്തിയപ്പോൾ കഷായം ചാലഞ്ച് നടത്തി. അതിനുശേഷം കയ്പ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു.
ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചാണ് ചികിത്സയിലിരിക്കേ മരിച്ചത് . കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബര്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്.
ഷാരോണ്‍ മരിച്ചശേഷം മൊബൈല്‍ ഫോണിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും തിരയുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.