മൈസൂരു : സംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള മൂന്ന് റോഡുകളുൾപ്പെടെ സംസ്ഥാനത്തെ ആറ് റോഡുകൾ ദേശീയപാതകളാക്കണമെന്ന് കേന്ദ്രസർക്കാരിനുമുമ്പാകെ ആവശ്യം.
മൈസൂരു, മാണ്ഡ്യ, കുടക്, ഹാസൻ ജില്ലകളിലെ സംസ്ഥാനപാതകളെ ദേശീയപാതകളാക്കി ഉയർത്താൻ ആവശ്യപ്പെട്ടുകൊണ്ട് മൈസൂരു-കുടക് എം.പി. പ്രതാപസിംഹ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. 118 കിലോമീറ്റർ ദൈർഘ്യമുള്ള ചന്നരായപട്ടണ-ഹോളെനർസിപുർ-അർകൽഗുഡ്-കൊട്‌ലിപേട്ട്-മടിക്കേരി-വീരാജ്പേട്ട്-മാക്കൂട്ടം റോഡാണ് ആദ്യത്തേത്. തുടർന്ന് കേരള അതിർത്തിയാണ് മാക്കൂട്ടത്തിനുശേഷം വരുന്നത്.
ഹാസൻ, കുടക് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്ക് പോകേണ്ട മലയാളിയാത്രക്കാർ ആശ്രയിക്കുന്ന പ്രധാനപാതയാണിത്. 180 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു-ഹുൻസൂർ-ഗോണിക്കുപ്പ-കണ്ണൂർ റോഡാണ് രണ്ടാമത്തേത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതകളാണ് ഈ രണ്ട് റോഡുകളെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 122 കിലോമീറ്റർ ദൈർഘ്യംവരുന്ന ജയപുര-എച്ച്.ഡി. കോട്ട-മാനന്തവാടി-കല്പറ്റ റോഡാണ് കേരളത്തിലേക്കുള്ള മൂന്നാമത്തെ പാത.
കൂടാതെ ശ്രീരംഗപട്ടണ-കെ.ആർ. പേട്ട്-ചന്നരായപട്ടണ പാത (56 കിലോമീറ്റർ), പാണ്ഡവപുര-അർസികെര പാത (110 കിലോമീറ്റർ), മലവള്ളി-മൈസൂരു പാത (50 കിലോമീറ്റർ) എന്നിവയാണ് മറ്റുറോഡുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.