ബെംഗളൂരു: സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി) 80 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും രണ്ട് നൈജീരിയക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയ മയക്കുമരുന്നുകളിൽ എംഡിഎംഎ ഗുളികകൾ, കൊക്കെയ്ൻ, ഹാഷിഷ് എന്നിവ ഉൾപ്പെടുന്നു.
ന്യൂ ഇയർ പാർട്ടിക്ക് ഉപയോഗിക്കാനായിരുന്നു മയക്കുമരുന്നെന്നാണ് റിപ്പോർട്ട്. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സിസിബിയുടെ നാർക്കോട്ടിക് വിഭാഗമാണ് റെയ്ഡ് നടത്തിയത്. രണ്ട് പ്രതികളും കോളേജ് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു.
മുംബൈയിൽ നിന്നാണ് പ്രതികൾ നിരോധിത വസ്തുക്കൾ കൊണ്ടുവന്നതെന്ന് ബെംഗളൂരു പോലീസ് പറയുന്നത്. പ്രതികൾ ബംഗളൂരു സന്ദർശിക്കാൻ ബിസിനസ് വിസ എടുത്തിരുന്നതായി പൊലീസ് പറഞ്ഞു. നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് ആക്‌ട് (എൻഡിപിഎസ്) പ്രകാരവും മറ്റ് വിസ ലംഘനങ്ങൾക്കു കീഴിലും ബാഗലൂർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.