ബെംഗളൂരു: നിരവധി സമയപരിധികൾ നഷ്‌ടപ്പെട്ടതിന് ശേഷം, ബെംഗളൂരുവിലെ ശിവാനന്ദ സർക്കിളിലെ സ്റ്റീൽ മേൽപ്പാലം നവംബർ അവസാനത്തോടെ പൊതു ഉപയോഗത്തിനായി തുറക്കാൻ സാധ്യതയുണ്ടെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഉദ്യോഗസ്ഥർ പറഞ്ഞു.
ശിവാനന്ദ സർക്കിളിൽ നിന്ന് ആരംഭിച്ച് റേസ് കോഴ്‌സ് റോഡിന് സമീപം അവസാനിക്കുന്ന മേൽപ്പാലം അനവധി നാട്ടുകാരുടെ എതിർപ്പുകളും നിയമതടസ്സവും നേരിട്ടിരുന്നു. കൂടാതെ റേസ് കോഴ്‌സ് റോഡിൽ നിന്ന് ഹരേകൃഷ്ണ റോഡിലേക്കും ശേഷാദ്രിപുരം റെയിൽവേ അണ്ടർബ്രിഡ്ജിലേക്കും വാഹനമോടിക്കുന്നവരെ ബന്ധിപ്പിക്കുന്ന ഈ മേൽപ്പാലം നഗരഹൃദയത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായകമാവും.
2011-ൽ വിഭാവനം ചെയ്ത പദ്ധതിക്ക് 2017-ൽ 19.8 കോടി രൂപയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. 326 മീറ്റർ നീളമുള്ള മേൽപ്പാലം 492.84 മീറ്ററായി നീട്ടേണ്ടി വന്നതിനാൽ പിന്നീട് പദ്ധതി ചെലവ് 39.5 കോടിയായി ഉയർന്നു. ഒമ്പത് മാസത്തെ സമയപരിധിയാണ് ബിബിഎംപി നൽകിയിരുന്നത്. എന്നിരുന്നാലും, നിയമപരമായ തടസ്സങ്ങൾ കാരണം, ഡിസൈൻ മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ടി വന്നു. 26 മരങ്ങൾ വെട്ടിമാറ്റേണ്ടി വന്നതിനാൽ മേൽപാലത്തെ പ്രവർത്തകർ എതിർക്കുകയും ചെയ്തു.
മറ്റ് വകുപ്പുകളുമായി ഏകോപിപ്പിക്കുന്നതിലും പദ്ധതി പ്രശ്‌നങ്ങൾ നേരിട്ടിട്ടിരുന്നു. 16 തൂണുകളാൽ താങ്ങി നിർത്തുന്ന മേൽപാലത്തിൽ 15 തൂണുകൾ സുഗമമായി പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്റെ (ബിഡബ്ല്യുഎസ്എസ്ബി) 700 എംഎം വാട്ടർ പൈപ്പ് ലൈൻ മാറ്റേണ്ടിവന്നതിനാൽ ഒരു പില്ലർ പണി പൂർത്തിയായില്ല. ഇപ്പോൾ ആ പൈപ്പ് ലൈൻ മാറ്റി തൂണിന്റെ പണിയും പൂർത്തിയായി. ഇതോടൊപ്പം വെള്ളവും മലിനജല പൈപ്പുകളും മാറ്റേണ്ടിവന്നു, ഇതിന് മൂന്ന് മാസത്തോളമെടുത്തു, കോവിഡ് -19 പകർച്ചവ്യാധിയും കാലതാമസത്തിന് കാരണമായി. കൂടാതെ 2020 മാർച്ചിൽ മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണുകളും ഉണ്ടായപ്പോൾ കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പോയിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷമാണ് അവർ തിരിച്ചെത്തിയതെന്നും ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.
15 ദിവസത്തിനകം പണി പൂർത്തിയായാൽ നവംബർ അവസാനത്തോടെ ബെംഗളൂരു വികസന ചുമതലയുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്യുമെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.