രണ്ടാം തരംഗത്തിലും കോവിഡ് രോഗികൾക്ക് ആശ്വാസവുമായി മലയാളി സംഘടനകൾ;പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മലയാളം മിഷൻ.

2020 മാർച്ച് മാസം  ആദ്യവാരത്തിലാണ് കോവിഡ്  മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ബെംഗളൂരുവിൽ പൊട്ടിപ്പുറപ്പെട്ടത്.

ബെംഗളൂരുവിലെ മലയാളി സമൂഹത്തെ എങ്ങിനെ ഈ വിഷമ സന്ധിയിൽ സഹായിക്കാം എന്ന ചിന്തയിൽ നിന്നാണ് മലയാളം മിഷൻ കർണാടക ചാപ്റ്റർ ന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ എല്ലാ മലയാളി സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് കോവിഡ് അനുബന്ധ പ്രവർത്തങ്ങൾക്കുവേണ്ടി ഒരു ഹെല്പ് ഡെസ്ക് രൂപീകരിച്ചത്.

ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരും ഈ സദുദ്യമത്തോട് കഴിഞ്ഞ ഒരു വർഷത്തിൽപരമായി നിർലോഭം സഹകരിച്ചു പ്രവർത്തിക്കുന്നു.

ഈ മഹത്തായ പ്രവർത്തനത്തിൽ സഹകരിച്ച, ബെംഗളൂരുവിലെ എല്ലാ സന്നദ്ധ പ്രവർത്തകരെയും വിവിധ സംഘടനാ ഭാരവാഹികളെയും  നേതാക്കളെയും മലയാളം മിഷൻ നന്ദിയോടെ സ്‌മരിക്കുന്നു, അഭിവാദ്യം ചെയ്യുന്നു..

കോവിഡ്  ഭീതിയുടെ ആദ്യ ഘട്ടത്തിനുശേഷം, 2021  മാർച്ച് പകുതിയോടെ കോവിഡ് രോഗ പകർച്ചയുടെ രണ്ടാം തരംഗം ബെംഗളൂരുവിൽ അനുഭവപെട്ടു. ആദ്യ ഘട്ടത്തിൽ നിന്നും വ്യത്യസ്തമായി രണ്ടാം തരംഗം കൂടുതൽ അപകടകരമാകും എന്ന മുന്നറിയിപ്പുകൾ  ആരോഗ്യ വിദഗ്ധർ നൽകി.

മാർച്ച് അവസാനത്തോടെ ദുരന്തം വിതച്ചു കൊണ്ട് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിച്ചു. പൊടുന്നനെയുള്ള മരണങ്ങൾ, ആശുപത്രികൾ നിറഞ്ഞു, ഓക്സിജെൻ, ജീവൻ രക്ഷ മരുന്ന് തുടങ്ങിയവക്ക് കടുത്ത ക്ഷാമം നേരിട്ടു.  രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നു.എങ്ങും ഭീതിയും ആശങ്കയും നിറഞ്ഞ അന്തരീക്ഷം.

കടുത്ത  പ്രതിസന്ധി ഘട്ടത്തിൽ,വീണ്ടും അവസരത്തിനൊത്തു ഉയർന്നു  ബെംഗളൂരുവിലെ ഹെല്പ് ഡെസ്ക് കൂട്ടായ്മ. നഗരത്തിലെ മലയാളി സമൂഹത്തെ സഹായിക്കാൻ എല്ലാ സംഘടനകളും തോളോട് തോൾ ചേർന്ന് സഹകരിച്ചു.

കോവിഡ് രോഗികൾക്ക് ആശുപത്രി അഡ്മിഷൻ ലഭിക്കാനുള്ള ഇടപെടലുകൾ, ആംബുലെൻസ്, ഓക്സിജൻ , മരുന്ന് ,ഭക്ഷണം തുടങ്ങി വിവിധങ്ങളായ സഹായങ്ങൾ ഞൊടിയിടയിൽ ഏർപ്പാടാക്കാൻ ഹെല്പ് ഡെസ്ക് കൂട്ടയ്മക്കു കഴിഞ്ഞു.

സ്വന്തം  ജീവൻ പോലും പണയപ്പെടുത്തി, സഹജീവികളായ മനുഷ്യരെ സഹായിക്കാൻ, അവരുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ കരുണയും,മനക്കരുത്തും, അപരനോടുള്ള  കരുതലുമുള്ള നിരവധി സന്നദ്ധ പ്രവർത്തകരെ നമുക്ക് കാണാൻ കഴിഞ്ഞു.

ചിലർ യുദ്ധ സമാനമായ ഭൂമികയിൽ നേരിട്ടു പടവെട്ടിയപ്പോൾ, മറ്റു ചിലരാകട്ടെ തിരശീലക്കു പിറകിൽ ഇരുന്നു കൊണ്ട് നിരവധി സൽപ്രവൃത്തികൾ  ചെയ്യുവാനും സന്നദ്ധ പ്രവർത്തനങ്ങളെ സപ്പോർട്ട് ചെയ്യുവാനും ഏകോപിപ്പിക്കുവാനും പരിശ്രമിച്ചു.

കോവിഡ് രണ്ടാം തരംഗത്തിൽ മികച്ച മാതൃകൾ പകർന്നു നൽകിയ ചില പ്രവർത്തനങ്ങളെ  ചൂണ്ടി കാണിക്കാതെ തരമില്ല.

ഹെല്പ് ഡെസ്ക്  മിഷൻ പ്രവർത്തനങ്ങൾ വീണ്ടും ഊർജസ്വലതയോടെ  ഏകോപിപ്പിച്ച  ടീം മലയാളം മിഷൻ ,മികച്ച സൗകര്യത്തോടെ ആരോഗ്യ വിദഗ്ധരുടെ സേവനം ഉറപ്പാക്കി, കോവിഡ് കെയർ സെന്റർ ആരംഭിച്ച  ബെംഗളൂരു കെ.എം.സി.സി, കർണാടക ഉപമുഖ്യമന്ത്രി അശ്വത്  നാരായണന്റെ സഹകരണത്തോടെ ഓക്സിജൻ  കോൺസെൻട്രേറ്ററുകൾ  ലഭ്യമാക്കിയ ടീം കേരള  സമാജം,കൊത്തന്നൂർ  ഡി.എസ്.എസ് സന്യാസ ഭവനത്തിലെ എൺപതു കോവിഡ് രോഗികൾക്ക് രണ്ടു ആഴ്ചയോളം ഭക്ഷണം നൽകിയും,നഗരത്തിലെ വിവിധ മേഖലകളിൽ ഭക്ഷ്യ കിറ്റും ഓക്സിജൻ സിലിൻഡറും  സംഘടിപ്പിച്ചു നൽകിയും ,സന്നദ്ധ പ്രവത്തകരെ അണി നിരത്തിയ സുവർണ കർണാടക കേരള സമാജം,കോവിഡ് രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പ്രൊജക്റ്റ്  വിഷൻ,വാക്സിനേഷൻ ചലഞ്ചും സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്തും മുന്നേറുന്ന കല വെൽഫെയർ അസോസിയേഷൻ, ബെംഗളൂരുവിലെ നാല്പതോളം ഇടവക പള്ളികളിൽ കോവിഡ് സമിതികൾ രൂപികരിച്ചു, ആംബുലൻസ്‌,മരുന്ന്,ഭക്ഷണം,ഹോസ്പിറ്റൽ അഡ്മിഷൻ എന്നിവയിൽ മാതൃക പ്രവർത്തനം കാഴ്ച വയ്ക്കുന്ന സിറോ മലബാർ  കത്തോലിക്കാ സഭയുടെ മണ്ഡ്യ രൂപത,രോഗികൾക്ക്   ആംബുലൻസ്‌ സൗകര്യങ്ങൾ  നൽകി കേരള സമാജം നോർത്ത് വെസ്റ്റ്,കൈരളി വെൽഫെയർ അസോസിയേഷൻ ടി.സി.പാളയ,സംഘടനകളുടെ പട്ടിക നീളുകയാണ് …….

പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത നിരവധി സൽമനസ്സുള്ള വ്യക്തികളും ഹെല്പ് ഡെസ്‌കുമായി സഹകരിക്കുന്നു.

സന്നദ്ധ സേവകർക്കു  ആവശ്യമായ പി.പി.ഇ കിറ്റും , മാസ്കും ,ഗ്ലൗസും വാങ്ങി നൽകുന്നു ….

ഹെല്പ് ഡെസ്ക് മിഷനുമായി സഹകരിച്ചു പ്രവർത്തിക്കാൻ നിരവധി മറ്റു സംഘടനകളും തയ്യാറാവുന്നു എന്നത് ശുഭ വാർത്തയാണ്.

ബെംഗളൂരു ശ്രീ നാരായണ സമിതി, എൻ.എസ്.എസ് ,ഇ.സി.എ,തണൽ ,പ്രകൃതി,നവമാധ്യമ കൂട്ടായ്മ ചുവപ്പിന്റെ കാവൽക്കാർ, ഹിറാ,കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റ്, എ.ഐ.എം.എ, വിവിധ നഴ്സസ് അസോസിയേഷനുകൾ,തുടങ്ങിയ സംഘടനകൾ മനുഷ്യ സ്നേഹത്തിന്റെ മഹത്വം ഉയർത്തി പിടിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു.

പ്രിയ സഹ പ്രവർത്തകരെ, മാനുഷിക ജീവിതത്തിന്റെ സമസ്ത മേഖലയും പിടിച്ചുലച്ചുകൊണ്ടു കോവിഡ് മഹാമാരി സമാനതകളില്ലാത്ത പ്രഹരമാണ് നൽകിയത്.

ഈ കടുത്ത പ്രതിസന്ധിയിലും,പരിമിതികൾക്കുള്ളൽ  നിന്നുകൊണ്ട് ,തങ്ങൾക്കാവുന്ന വിധം സഹായ ഹസ്തങ്ങൾ നീട്ടികൊണ്ടു, ബെംഗളൂരുവിലെ മലയാളി  സംഘടനകൾ ഒത്ത്‌ ഒരുമിച്ചു പ്രവർത്തിക്കുകയാണ്.

ഈ മാതൃകാ പരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച എല്ലാ സംഘടനകളെയും,സന്നദ്ധ പ്രവർത്തകരെയും,നേതാക്കളെയും,വ്ക്തികളെയും മലയാളം മിഷന്റെ നേതൃത്വത്തിലുള്ള ഹെല്പ് ഡെസ്ക് മിഷൻ അഭിവാദ്യം ചെയ്യുന്നു. …അഭിനന്ദിക്കുന്നു ….

തുടർ പ്രവർത്തങ്ങൾ ഏറ്റെടുത്തു മുന്നോട്ടു പോകുവാൻ  എല്ലാവരെയും ആഹ്വനം  ചെയ്യുന്നു ….

ബെംഗളൂരു മലയാളി സമൂഹത്തിനു മികച്ച സേവനങ്ങൾ നല്കാൻ നമുക്ക് കഴിയട്ടെ ….അവരുടെ കഷ്ടതകളിൽ ഒരു കൈത്താങ്ങ്  ആകാൻ നമുക്ക് കൂട്ടായി  ശ്രമിക്കാം …

ഹെല്പ് ഡെസ്ക് മിഷൻ പ്രവർത്തനങ്ങളെ പൂർണ തോതിൽ സപ്പോർട്ട് ചെയ്തു സഹായിക്കുന്ന ബെംഗളൂരുവിലെ എല്ലാ മലയാളം മാധ്യമ സ്ഥാപനങ്ങളോടും പത്ര സുഹൃത്തുക്കളോടുമുള്ള നന്ദി അറിയിക്കുന്നു …തുടർന്നും സഹകരണം ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഹെല്പ് ഡെസ്ക് മിഷൻ പ്രവർത്തനങ്ങളിൽ സഹായിച്ച കർണാടക & കേരള  സർക്കാരുകളോടും, ലോക കേരള സഭ അംഗങ്ങളോടുമുള്ള  നന്ദിയും ഈ അവസരത്തിൽ രേഖപെടുത്തുന്നു.

ടീം ഹെല്പ് ഡെസ്ക് മിഷൻ,Coordinated & Powered by Malayalam Mission,
Karnataka Chapter

http://88t.8a2.myftpupload.com/archives/46232

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us