നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; മുൻകരുതലുമായി മലയാളി സംഘടനകൾ

ബെംഗളൂരു: പ്രതി ദിന കോവിഡ്  കേസുകളുടെ എണ്ണം അയ്യായിരത്തോട് അടുക്കവേ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുമായി നഗരത്തിലെ മലയാളി സംഘടനകൾ രംഗത്ത്.

ഡൽഹി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരുവിലാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പല പ്രധാന ഹോസ്പിറ്റലിലും ബെഡ് ലഭിക്കാത്ത സ്ഥിതിയുണ്ട്.

രോഗികൾ ബെഡ് മുൻകൂട്ടി ബുക്ക് ചെയ്തു വീട്ടിൽ കഴിയുകയും, ബെഡ് കാലിയാകുന്ന മുറക്ക് മാത്രം അഡ്മിറ്റാവാൻ കഴിയുന്ന സ്ഥിതയാണ് ഇപ്പോൾ നഗരത്തിൽ ഉള്ളതെന്ന്   മലയാളം മിഷൻ സെക്രട്ടറി ടോമി ആലുങ്ങൽ പറഞ്ഞു.

ഗുരുതരമായ സ്ഥിതി വിശേഷം കണക്കിലെടുത്തു വിവിധ സാമൂഹ്യ, സംഘടനാ നേതാക്കൾ കൂടുതൽ ആർജവത്തോടുകൂടി ഇടപെടുന്നുണ്ട്.  രോഗം പിടിപെടാതെ   നോക്കാനും സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിക്കാനുള്ള അവബോധം സൃഷ്ടിക്കാനും സംഘടനകൾ ശ്രമിക്കുന്നുണ്ട്.

ശുചിത്വം പാലിക്കുക, പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നി പൊതു നിർദേശങ്ങൾ കൂടുതൽ ശക്തമായി ജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാ സംഘടനകളും ശ്രദ്ധിക്കുന്നുണ്ട്.

ചെറിയൊരു ഇടവേളക്കു ശേഷം  പൊടുന്നനെ രണ്ടു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും കൂടുതൽ പേരിലേക്ക് രോഗം പടരുന്നതും മലയാളികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

നെലമംഗല അഷ്‌നികുണ്ടേ മാരുതി ലേഔട്ട്  കെ എസ് ബെന്നി (55 ), ശ്രീരാമപുരയിൽ താമസിക്കുന്ന എൻ .സി ഗംഗാധരൻ (68) എന്നിവരാണ് കഴിഞ്ഞ ദിവസം  കോവിഡ് ബാധിച്ചു മരണപ്പെട്ടത്. ഇരുവരും കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ്.

മലയാളം മിഷൻ നേതൃത്വം നൽകി, നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ മതസാമുദായിക, സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളെ ഉൾപ്പെടുത്തി രൂപീകരിച്ച ഹെല്പ് ഡെസ്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. കൂട്ടായ പ്രവർത്തനങ്ങൾക്കൊപ്പം ഈ ദുരന്തകാലത്തു അതാതു മേഖലയിലെ സംഘടനകളുടെ തനതായ പ്രവർത്തനങ്ങളും മലയാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

സിറോ മലബാർ കാത്തോലിക്ക സഭയുടെ ബെംഗളൂരുവിലെയും സമീപ ജില്ലകളിലെയും
അമ്പതിൽപരം പള്ളികളിൽ, ജൂലൈ മാസം മുതൽ കോവിഡ് ജാഗ്രത സമിതി പ്രവർത്തിച്ചു വരുന്നു. രൂപത തലത്തിൽ മെഡിക്കൽ, ആംബുലൻസ്, ക്വാറന്റൈൻ, ഇൻഷുറൻസ് , കോവിഡ് രോഗികളുടെ ശവ സംസ്കാരം, കൗൺസിലിംഗ്, ഹോസ്പിറ്റൽ സഹായം തുടങ്ങിയ വിഷയങ്ങളിൽ സഹായിക്കാൻ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു നല്ല രീതിയിൽ പ്രവർത്തിക്കുന്നതായി  ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ദ്രത്ത്‌ അറിയിച്ചു.

രോഗബാധിതരായവരെ ആശുപതിയിൽ എത്തിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കു ചെറിയ രീതിയിലുള്ള സഹായങ്ങൾ നൽകുക, കോവിഡ് രോഗികളുടെ മൃത സംസ്കാര ചടങ്ങു നടത്തുക തുടങ്ങിയ മേഖലയിൽ സജീവമായി കെ. എം .സി .സി പ്രവർത്തിച്ചുവരുന്നു. ഇതുവരെ നഗരത്തിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട വിവിധ ജനവിഭാഗങ്ങളിലുള്ള 150 ഓളം പേരുടെ മൃത സംസ്കാര ചടങ്ങുകളിൽ സഹായിക്കാൻ കഴിഞ്ഞുവെന്ന് പ്രസിഡന്റ്  കെ .എം . നൗഷാദ് പറഞ്ഞു.

രോഗ ബാധ സംശയിച്ചു വീടുകളിൽ ക്വാറന്റൈൻ ഇരിയ്ക്കാൻ സൗകര്യമില്ലാത്തവർക്ക് ഐസൊലേഷൻ സെന്റർ ആരംഭിക്കുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്ന് ലോക കേരള സഭാംഗവും സുവർണ കർണാടക കേരള സമാജം ജനറൽ സെക്രട്ടറിയുമായ കെ.പി ശശിധരൻ പറഞ്ഞു. രോഗ ബാധിതരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനും, മെഡിക്കൽ സഹായങ്ങൾ നൽകാനും സംഘടനാ മുന്നിട്ടു പ്രവർത്തിക്കുന്നു .

ഗാന്ധി ജയന്തി ദിനത്തിൽ, പാലിയേറ്റീവ് കെയർ സെന്ററുകളിലെ രോഗികൾക്ക് 500 രൂപ വിലമതിക്കുന്ന ഭക്ഷണ കിറ്റുകൾ നൽകുന്ന പദ്ധതി ബാംഗളൂരിലെ പ്രൊജക്റ്റ് വിഷൻ ആരംഭിച്ചു. ‘മദേഴ്‌സ്  മീൽ’ എന്ന ഈ പദ്ധതി വഴി 1400 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.

കോവിഡ് കാലത്തു ബെംഗളൂരു മലയാളികൾക്ക് പൂർണ പിന്തുണയുമായി കേരള സമാജം കർമ്മനിരതമായ പ്രവർത്തനം തുടുരുന്നുവെന്നു കേരള സമാജം ജോയിന്റ് സെക്രട്ടറി യും ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പറുമായാ ജയ്ജോ ജോസഫ് പറഞ്ഞു. ആവശ്യമുള്ളവർക്കു ആംബുലെൻസ് , മെഡിക്കൽ സഹായം എന്നിവ നൽകുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ബാംഗളൂരിലെ മലയാളികളും വിവിധ സംഘടനകളും പരസ്പരം സഹകരിച്ചും സഹായിച്ചും  പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us