സംസ്ഥാനത്ത് പുതിയ ഐ.ടി. നയം; 5 വർഷത്തിനകം 60 ലക്ഷം തൊഴിലവസരം

ബെംഗളൂരു: 2020-’25 വർഷത്തെ ഐ.ടി. നയത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഐ.ടി., ഐ.ടി.അനുബന്ധ വ്യവസായങ്ങളിൽ അഞ്ചുവർഷത്തിനുള്ളിൽ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

തൊഴിൽ ലഭ്യമാക്കുന്നതിനൊപ്പം ഐ.ടി.വ്യവസായങ്ങൾ ബെംഗളൂരുവിന് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് ഇതിന്റെ കാതൽ. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളെക്കൂടാതെ മറ്റു ജില്ലകളിലേക്കുകൂടി വ്യവസായങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതികളൊരുക്കും.

ഇതിനായി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടിസ്വീകരിക്കണമെന്നും പുതിയ ഐ.ടി.നയത്തിൽ നിർദേശമുണ്ട്. ഇലക്‌ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്(ഇ.എസ്.ഡി.എം. ) മേഖലയ്ക്ക് പ്രത്യേക ഇൻസെന്റീവ് പാക്കേജ് നടപ്പാക്കും.

  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്

ഈമേഖലയിൽ തുടങ്ങുന്ന കമ്പനികൾക്ക് ഭൂമിവിലയിലും വൈദ്യുതിനിരക്കിലും കാര്യമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ തുകയും പൂർണമായി സംരംഭകന് തിരിച്ചുനൽകും. മൂലധനനിക്ഷേപത്തിന്റെ 25 ശതമാനവും യന്ത്രസാമഗ്രികൾ, പ്ലാന്റ് എന്നിവയുടെ നിർമാണത്തിന് 20 ശതമാനവും സബ്സിഡി നൽകും.

ഈ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. ഈമേഖലയിൽമാത്രം അഞ്ചുവർഷത്തിനിടെ 5000 കോടിയുടെ നിക്ഷേപവും 43,000 പേർക്ക് നേരിട്ട് തൊഴിലും ലഭിക്കുമെന്നാണ് പ്രതീക്ഷ.

മറ്റുവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഐ.ടി.വ്യവസായങ്ങൾക്ക് വൈദ്യുതിനിരക്കിൽ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും നയത്തിൽ നിർദേശിക്കുന്നു. ഐ.ടി.മേഖലയിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുകയാണ് പുതിയ ഐ.ടി.നയത്തിലൂടെ ഉന്നംവെക്കുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞു.

  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ

2014-2019 വർഷത്തിലെ ഐ.ടി. നയത്തിലും ബെംഗളൂരുവിനുപുറത്തും ഐ.ടി.കമ്പനികൾക്ക് പ്രോത്സാഹനം നൽകണമെന്ന നിർദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി 24 ജില്ലകളിൽ ഇന്നവേഷൻ ഹബ്ബുകൾ സ്ഥാപിച്ചു.

ബെംഗളൂരുവിൽ ഐ.ടി.കമ്പനികൾ കേന്ദ്രീകരിക്കുന്നത് ഭാവിയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് നേരത്തേ വിവിധ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. ഗ്രാമീണമേഖലയിൽ വികസനം എത്താത്ത സാഹചര്യമാണ് ഇതിലൂടെയുണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us