ബെംഗളൂരു : കൊറോണ രോഗവ്യാപന സാധ്യതകൾ പരിഗണിച്ച് 2020 മാർച്ച് പകുതിയോടെ മുടങ്ങി പോയതാണ് കർണാടകത്തിലെ മലയാളം മിഷന്റെ ക്ലാസുകൾ.
ഏപ്രിൽ പകുതി തൊട്ട് ഇതുവരെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും മറ്റും വഴി വിവിധ പഠന പ്രവർത്തനങ്ങളുമായി കുട്ടികളെ നിരന്തരമായി പിന്തുടരുകയും പഠന പ്രക്രിയയിൽ സജീവമായി നില നിർത്തുകയും ചെയ്യുകയായിരുന്നു.
ലോക്ക് ഡൌൺ കാലയളവിൽ കുട്ടികളും രക്ഷിതാക്കളും ക്ലാസ്സുകൾക്ക് നല്ല പിന്തുണ നൽകി.
മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ കീഴിലുള്ള പഠനകേന്ദ്രങ്ങളിൽ പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം ജൂലൈ 26, ഞായറാഴ്ച,നടന്നു.
കർണാടകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം എണ്ണൂറിൽപ്പരമാളുകൾ പങ്കെടുത്തു.
ഗൂഗിൾ മീറ്റ്,യൂട്യൂബ് ലൈവ് വഴി നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് തിരുവന്തപുരത്തിരുന്നുകൊണ്ട് നിർവഹിച്ചു.
മലയാളം മിഷൻ റെജിസ്ട്രാർ ശ്രീ. എം. സേതുമാധവൻ, ഭാഷാധ്യാപകൻ ഡോ. എം.ടി.ശശി, മുൻ ഡി.ഐ.ഇ.ടി പ്രിൻസിപ്പലും മലയാളം മിഷൻ ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗവുമായ ശ്രീ. എം.വി.മോഹനൻ എന്നിവർ ആശംസാ പ്രസംഗങ്ങളും നടത്തി.
മലയാളം മിഷൻ കർണാടകയുടെ ഭാരവാഹികളും മേഖലാ കൺവീനർമാരും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
നിലവിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും നടത്തി.
ഓൺലൈൻ പ്രോഗ്രാം നടത്തിപ്പിന് മലയാളം മിഷൻ സാങ്കേതിക ടീം അംഗങ്ങളായ,എം.കൗശിക്,അനൂപ് കുട്ടിമേരിമ്മൽ,ഹിത വേണുഗോപാലൻ , ജിസോ ജോസ് ,നൂർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി .
ഈ വർഷത്തെ ക്ലാസ്സുകൾ നടക്കാൻ പോകുന്ന രീതി പ്രതിപാദിക്കുന്ന ഒരു മാതൃകാ ക്ലാസും പരിപാടിയുടെ ഭാഗമായിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ മൊഡ്യൂളുകളും അധ്യാപകരുടെ തത്സമയ ഇടപെടലുകളും കൂടിച്ചേർന്ന് എങ്ങനെ ഭാഷയെ കുട്ടികളിലേക്ക് മനോഹരമായി എത്തിക്കാമെന്ന് കാണിച്ച ഈ ക്ലാസ് എടുത്തതു ബാംഗ്ലൂർ ഈസ്റ്റ് സോണിലെ “പഠനം പാൽപായസം” പഠനകേന്ദ്രത്തിലെ അധ്യാപികയായ മീര നാരായണനാണ്.
മലയാളം മിഷൻ കർണാടകം ചാപ്റ്റർ ഭാരവാഹികളായ ബിലു.സി.നാരായണൻ, കെ.ദാമോദരൻ,ടോമി ആലുങ്ങൽ, ജെയ്സൺ ലൂക്കോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു .
മലയാളം മിഷൻ കർണാടകം ടീമിന് വേണ്ടി ജോമോൻ സ്റ്റീഫൻ
(9535 20 1630) അറിയിച്ചതാണ് ഇക്കാര്യം.