ബെംഗളൂരു: സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഏതാനും മണിക്കൂറുകൾ ഓൺലൈൻക്ലാസുകൾ അനുവദിക്കുന്ന കാര്യം സർക്കാറിന് പരിഗണിച്ചു കൂടെ എന്ന് കർണാടക ഹൈക്കോടതി.
സ്കൂളുകളിൽ ഓൺലൈൻക്ലാസ് നൽകാൻ തയ്യാറാണ്,
ഇനി വിദ്യാർഥികൾക്ക് താത്‌പര്യവുമുണ്ടെങ്കിൽ സർക്കാരിന് എന്താണ് പ്രശ്നമെന്നും ഹൈക്കോടതി.
ശരിയായ നടപടിക്രമമല്ല സർക്കാർ സ്വീകരിക്കുന്നതെന്നും കോടതി വിമർശിച്ചു.
എൽ.കെ.ജി.മുതൽ അഞ്ചാം ക്ലാസ് വരെ ഓൺലൈൻക്ലാസുകൾ നിരോധിച്ചുള്ള സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ പൊതുതാത്‌പര്യ ഹർജിയിലാണ് കോടതിയുടെ പ്രതികരണം.
ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് നടരാജ് രംഗസ്വാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിംഹാൻസ് വിദഗ്‌ധകമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂറിൽ കൂടുതൽ ഓൺലൈൻ സ്‌ക്രീൻ നൽകരുതെന്നാന്ന് ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശമെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.