ബെംഗളൂരു : ജാതി ഉന്മൂലനം ചെയ്യാതെ മതേതര ഇന്ത്യ എന്ന ആശയം സാക്ഷാത്കരിക്കാനാവില്ല. സ്വേച്ഛാധിപത്യത്തിന്റെ ഉയർച്ചയും അതിനെതിരെ ഇപ്പോൾ നടക്കുന്ന ദേശവ്യാപകമായ പ്രതിഷേധവും മുസ്ലിങ്ങൾ, ദളിതർ തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങൾ അഭിമുഖീകരിക്കുന്ന നീതിനിഷേധത്തെക്കുറിച്ച് സംസാരിക്കാനും സെക്കുലറിസത്തെയും ഭരണഘടനയെക്കുറിച്ചുമുള്ള ആശയങ്ങൾ വികസിപ്പിക്കാനുമുള്ള മികച്ച അവസരമാണ് നൽകുന്നതെന്ന് ദലിത് നേതാവും സാമൂഹിക പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. ഫെബ്രുവരി 15 ന് ബെംഗളൂരുവിൽ “സെക്കുലർ ഡെമോക്രസി: വെല്ലുവിളികളും പ്രതീക്ഷകളും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ ലിബർട്ടീസ് കളക്ടീവ് സംഘടിപ്പിച്ച “ഹം ദേഖേംഗെ – വോയ്‌സ് ഓഫ് ഡെമോക്രാറ്റിക് ഡിസ്സെന്റ്” എന്ന പരിപാടിയുടെ ഭാഗമായാണ് ഇൗ പ്രസംഗം നടന്നത്.
സ്വേച്ഛാധിപത്യ ഭരണകൂടത്തെ പരാജയപ്പെടുത്താനുള്ള പ്രായോഗികബുദ്ധി നമുക്കുണ്ടായിരിക്കണം. പ്രത്യയശാസ്ത്രത്തിലൂന്നിയ സംശുദ്ധ രാഷ്ട്രീയത്തിൽ നമ്മൾ കുടുങ്ങിക്കിടക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഗായകരും കലാകാരന്മാരുമായ ലക്ഷ്മി ചന്ദ്രശേഖർ, എംഡി പല്ലവി അരുൺ, ശബരി റാവു, ബിന്ദുമലിനി നാരായണസ്വാമി, ശിൽപ മുഡ്ബി, പ്രകാശ് ബാരെ, ആദിത്യ കൊട്ടകോത്ത, മയൂര ബവേജ, ലീനാസ് ബിച്ച, അമിത് സെൻഗുപ്ത, അർബൻ ഫോക്ക് പ്രോജക്ട് എന്ന സംഘവും ഇതോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തു. ഫൈസ് അഹമ്മദ് ഫായിസിന്റെ “ഹം ദേഖേങ്കെ”യുടെ വിവിധ ഭാഷകളിലുള്ള അവതരണവും ബ്രൗൺ മോർണിംഗ്, ഗണേഷി ഡേവി ടു സിറ്റിസൺ ഷാ, ആന്റിസ് നാഷണൽ എന്നീ നാടകങ്ങളുടെ അവതരണവും നടന്നു. “നൈറ്റ് ആൻഡ് ഫോഗ്” (1956) എന്ന ഫ്രഞ്ച് ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായി.
സുരഭി (ഗവേഷകൻ, എപിയു), അഭിഭാഷകൻ അവ്‌നി, ശരീഖ് (ഗെയിം ഡിസൈനർ, പ്രവർത്തകർ), ഭവ്യ (ഐഎൻസി) എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായിരുന്നു.
അടിസ്ഥാന ഭരണഘടനാമൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേർക്ക് നടക്കുന്ന കടന്നുകയറ്റങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ദർശന, ബെംഗളൂരു കളക്റ്റീവ്, സെക്യുലർ ഫോറം, കെഎംസിസി, എംഎംഎ, കർണാടക പ്രവാസി കോൺഗ്രസ്, കർണാടക മലയാളി കോൺഗ്രസ് തുടങ്ങിയ ഒരു കൂട്ടം പുരോഗമന സംഘടനകളുടെ ഫോറമാണ് “സിവിൽ ലിബർട്ടീസ് കളക്ടീവ്”.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.