ബെംഗളൂരു: കേരള കർണാടക അതിർത്തിയിൽ മലയാളികളെ വലച്ച് കര്‍ണാടക പൊലീസ്. കണ്ണൂര്‍ കൂട്ടുപുഴയിലെ ജനങ്ങള്‍ ഇപ്പോള്‍ ഭയന്നാണ് ഓരോ നിമിഷവും ജീവിക്കുന്നത്.
അവര്‍ താമസിക്കുന്നത് കേരളത്തിലാണെങ്കിലും പുറത്തിറങ്ങി എന്തെങ്കിലും ചെയ്താല്‍ കര്‍ണാടക പൊലീസ് വളയും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയുടെ പ്രശ്‌നമാണ് ഈ ജനങ്ങളെ വലച്ചിരിക്കുന്നത്.
കൂട്ടുപുഴ സ്വദേശികളായ ദമ്പതികളെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ദിവസമായി അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുകയാണ്. വീട്ടുമുറ്റത്തെ മരംമുറിച്ചതിനാണ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. പ്രളയത്തില്‍ വീട് തകര്‍ന്നതിനാല്‍ വാടകയ്ക്ക് മാറിത്താമസിക്കുന്ന കൂട്ടുപുഴ പുഴയോരത്തെ ബാബുവും സൗമിനിയും വീടിന്റെ അറ്റകുറ്റപ്പണിക്കും വിറകാവശ്യത്തിനുമായാണ് വീട്ടുമുറ്റത്തെ മാവ് മുറിച്ചത്.
എന്നാല്‍ മരം മുറിച്ചതിന് പിന്നാലെ ചൊവ്വാഴ്ച്ച രാവിലെ ഇരുവരെയും കര്‍ണാടക വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിന്റെ മണ്ണില്‍ നിന്നിരുന്ന മരമാണ് അവര്‍ മുറിച്ചതെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തി അറിയിച്ചിട്ടും ദമ്പതികള്‍ക്ക് ജാമ്യം നല്‍കിയില്ല.
കര്‍ണാടകയില്‍ നിന്ന് കേരളാ അതിര്‍ത്തി വേര്‍തിരിക്കുന്ന കുറ്റികള്‍ അധികൃതര്‍ വ്യക്തമാക്കി കൊടുത്തിട്ടും കര്‍ണാടക ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഈ സ്ഥലത്ത് കൂടി അവകാശമുന്നയിച്ച് പുഴയുടെ പകുതി ഭാഗം കൂടി നേടാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ പണി തുടങ്ങി പകുതിയെത്തിയ ശേഷം കൂട്ടുപുഴ പാലം നിര്‍മ്മാണം നിലച്ചതും കര്‍ണാടക വനംവകുപ്പിന്റെ കടുംപിടുത്തം മൂലമായിരുന്നു. പാലം പണി പുനരാരംഭിക്കാന്‍ നിലവില്‍ ഇരുസര്‍ക്കാരുകളും ധാരണയായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.