ബെംഗളൂരു: ജെ.പി. നഗറിൽ ഓട്ടോയിലെത്തിയ മൂന്നംഗസംഘം യുവാവിനെ ഓട്ടോയിൽ കയറ്റി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. ബെംഗളൂരു സ്വദേശിയായ അമൻ മിശ്ര(23)യാണ് അക്രമത്തിനിരയായത്.
ഇലക്ട്രീഷ്യനായ അമൻ ജോലിക്കുശേഷം വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. ഓട്ടോ അടുത്തുനിർത്തി എവിടേക്കാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. ഈ സമയത്ത് പുറത്തുനിൽക്കുകയായിരുന്ന രണ്ടുപേർ ബലമായി യുവാവിനെ ഒട്ടോയിലേക്ക് തള്ളുകയായിരുന്നു.
തുടർന്ന് അതിവേഗത്തിൽ ഓടിച്ചുപോയ ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈവശമുണ്ടായിരുന്ന 5000 രൂപ കവർന്നു. പിന്നീട് ബലമായി ഗൂഗിൾപേ വഴി 14,000 രൂപ കവർച്ചക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
നാലുമണിക്കൂർ നഗരത്തിൽ കറങ്ങിയശേഷമാണ് അമൻ മിശ്രയെ ഐ.എസ്.ആർ.ഒ. ലേഔട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടത്. അമന്റെ കൈകളിൽ കവർച്ചക്കാർ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
കഴിഞ ദിവസം മലയാളിയുവാവിനെ അക്രമിച്ചതും ഇതേ സംഘമാണോ എന്നു വ്യക്തമല്ല. കലാശിപാളയം, യെലഹങ്ക, ബൊമ്മനഹള്ളി, കോറമംഗല, നാഗർഭാവി എന്നിവിടങ്ങളിൽ നേരത്തേയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വാഹനം കാത്തുനിൽക്കുന്നവരെ കുറഞ്ഞ നിരക്കിൽ പോകേണ്ട സ്ഥലത്തെത്തിക്കാമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുക. പിറകിലിരിക്കുന്നവർ മറ്റു സ്ഥലങ്ങളിലിറങ്ങേണ്ട യാത്രക്കാരാണെന്നമട്ടിലാണ് അവതരിപ്പിക്കുക.
ഓട്ടോയിൽ കയറിയാൽ വിജനമായ വഴിയിൽവെച്ച് ആയുധം കാട്ടി കവർച്ച ചെയ്യുന്നതാണ് രീതി. ഓട്ടോ ഡ്രൈവർമാർ മാത്രമെത്തി യാത്രക്കാരെ കയറ്റിയതിനുശേഷം വഴിയിൽവെച്ച് കൂട്ടാളികളെ കയറ്റുന്ന രീതിയുമുണ്ട്.
കൈയിൽ പണമില്ലെങ്കിലും കവർച്ചക്കാരുടെ പക്കൽനിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. എ.ടി.എം. കാർഡ് കൈയിലുണ്ടെങ്കിൽ കത്തി കാട്ടി പണം പിൻവലിപ്പിച്ച് കൈക്കലാക്കും. മൊബൈലിലെ ബാങ്കിങ് ആപ്പുകൾ വഴിയും പണം ഇവർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിക്കും.
മൊബൈലും വാച്ചും അടക്കം കത്തികാട്ടി വാങ്ങുകയും ചെയ്യും. കൊടുക്കാൻ വിസമ്മതിച്ചാൽ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കാനും ഇവർക്ക് മടിയില്ല. ശ്രദ്ധിക്കുക, രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം കാത്തുനിൽക്കാതിരിക്കുക. ഷെയർ ഓട്ടോകളിൽ കയറാതിരിക്കുക. ഒട്ടോറിക്ഷകളിൽ ഡ്രൈവറല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ യാത്ര ഒഴിവാക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.