ന്യൂഡൽഹി : രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത് പോലെ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. നിതിൻ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നൽകിയിരിക്കുന്നത്.
മുന്‍ വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ വിദേശകാര്യമന്ത്രിയാകും. പിയൂഷ് ഗോയലിന് ഇക്കുറി റെയിൽവേക്ക് പുറമേ വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നൽകിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാൽ മാനവവിഭവശേഷി മന്ത്രിയാകും.
കേരളത്തിൽ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും.
25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.
ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക.