ബെംഗളൂരു : ഒരു പഴയ മലയാള സിനിമയിലെ നർമ്മരംഗത്തെ ഓർമിക്കുന്ന സംഭവ വികാസങ്ങൾ ആണ് കഴിഞ്ഞ ആഴ്ച നഗരത്തിൽ ഒരു മലയാളി സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോക്കിടെ ഉണ്ടായത്. “മോഹൻലാൽ വരുമോ” എന്ന് കാണികൾ ചോദിക്കുമ്പോൾ മോഹൻലാൽ എന്തായാലും വരും എന്ന് ഉറപ്പ് നൽകുന്ന സംഘാടകനും അതിനെ തുടർന്ന് ഉണ്ടാകുന്ന നർമ്മ മുഹൂർത്തവും നമ്മൾ ആരും മറന്നിരിക്കാൻ സാധ്യതയില്ല. ഏകദേശം ഇതുപോലെ യായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ.
ഹൊസൂർ റോഡിൽ “സുഹൃത്തുക്കളുടെ ക്ഷേമം” മുന്നിൽ കണ്ടു നല്ല നിലയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടന തങ്ങളുടെ ഓഫീസ് കെട്ടിടം നിർമ്മിക്കാനാവശ്യമായ ധനശേഖരണാർത്ഥമാണ് ഒരു സ്റ്റേജ് പ്രോഗ്രാം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഹൊസൂർ റോഡിലെ തന്നെ ഒരു സ്കൂൾ ഗ്രൗണ്ടിൽ പരിപാടി നടത്താൻ തീരുമാനമായി, പ്രശസ്ത സിനിമാ താരങ്ങളായ ജയറാം, ജഗദീഷ്, ഹരീഷ് കണാരൻ, സരയു നൃത്തരംഗത്ത് നിന്ന് പൂർണയെന്ന ഷംന കാസിം, രചന നാരായണൻ കുട്ടി സംഗീത രംഗത്തു നിന്ന് ഔസേപ്പച്ചൻ, സ്റ്റീഫൻ ദേവസ്സി, ശ്രേയ ജയദീപ് അടക്കം 15 പേരുടെ ചിത്രം ആലേഖനം ചെയ്ത ടിക്കറ്റും പോസ്റ്ററും ആണ് “സ്വാതന്ത്ര്യ രാത്രിക്ക് “പുറത്തിറക്കിയത്.
ഇവരെല്ലാം വരും എന്ന പ്രതീക്ഷയിൽ പലരും ടിക്കറ്റെടുക്കുകയും ചെയ്തു, മുൻനിരയിലെ വിഐപി ടിക്കറ്റിന് 5000 രൂപയും പിന്നീടുള്ള ടിക്കറ്റുകൾക്ക് 500 രൂപ വീതവും ഈടാക്കി വിതരണം നടത്തി.നഗരത്തിലെ മറ്റു പല മലയാളി സംഘടനകൾ വഴി കമ്മീഷൻ അടിസ്ഥാനത്തിലും ടിക്കറ്റ് വിതരണം തകൃതിയായി നടത്തി എന്നാൽ സംഭവദിവസം പരിപാടി തുടങ്ങിയപ്പോൾ ഉദ്ഘാടകനായ സൂപ്പർ താരം ജയറാം എത്തി ഔസേപ്പച്ചനും ശ്രേയ ജയദീപും സരയുവും അടക്കമുള്ള ഏതാനും ചില താരങ്ങൾ എത്തിയെങ്കിലും ജഗദീഷ്, സ്റ്റീഫൻ ദേവസ്സി രചന നാരായണൻകുട്ടി,ഷംന കാസിം തുടങ്ങിയ താരങ്ങള്‍ രംഗത്ത് വന്നില്ല.
പരിപാടിക്ക് നല്ലൊരു ശതമാനം സംഗീത ആസ്വാദകരും സ്റ്റീഫൻ ദേവസിയുടെ പ്രകടനം കാണാം എന്ന പ്രതീക്ഷയിൽ വന്നവരായിരുന്നു അവരെല്ലാം വലിയ നിരാശയിലായി പലരും സംഘാടകരോട് ദേഷ്യപ്പെട്ടു.
വൻതുക നൽകി ടിക്കറ്റ് എടുത്ത് പലരും ദുഃഖം സംഘാടകരോട് “പറഞ്ഞുതീർത്തു” അതിൽ ചിലർ ആരോപിക്കുന്നത് പ്രകാരം ഏതൊക്കെ കലാകാരന്‍ മാര്‍ പരിപാടിയില്‍ പങ്കെടുക്കും എന്ന് കൃത്യമായ വിവരം സംഘാടകർക്ക് വളരെ മുൻപ് തന്നെ അറിയാമായിരുന്നു എങ്കിലും അത് കാണികളിൽ നിന്നും മറച്ചുവച്ചുകൊണ്ട് എല്ലാവരും വരും എന്ന രീതിയില്‍ ടിക്കറ്റ് വിറ്റു കൊണ്ട് തങ്ങളെ പറ്റിക്കുകയായിരുന്നു എന്നാണ്.
അതെ സമയം വലിയ ഒരു തുക നല്‍കാം എന്ന് ഉറപ്പു നല്‍കിയ ഒരു “പ്രായോജകര്‍ ” അവസാന നിമിഷം പിന്മാറിയാതാണ് പരിപാടി മുന്‍പു പ്ലാന്‍ ചെയ്തത് പോലെ നടത്താന്‍ കഴിയാത്തതിന് പിന്നില്‍ എന്നാണ് ലഭ്യമായ വിവരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.