ഒരു വർഷം മുമ്പ് കാണാതായ ജെസ്നയെ ജിഗിണിക്ക് സമീപം കണ്ടതായി മലയാളി കടയുടമ;വീഡിയോ എടുത്ത് പോലീസിന് കൈമാറി;വീഡിയോയിൽ ഉള്ളത് ജസ് ന തന്നെയാണെന്ന് ഉറപ്പാക്കി പോലീസ്; നാടുവിട്ടത് അന്യമതത്തിലുള്ള ആളെ വിവാഹം ചെയ്യാൻ എന്ന് സംശയം.

ബെംഗളൂരു: മുക്കൂട്ടുതറ സ്വദേശിനി ജെസ്ന എന്ന കോളജ് വിദ്യാർത്ഥിനിയെ കാണാതായിട്ട് അടുത്തമാസം 22 ന് ഒരു വർഷം പൂർത്തിയാകും. പോലീസ് അന്വേഷണം തുടരുകയാണ് അത് എവിടെയും എത്തിയിട്ടില്ല.എന്നാൽ ഏറ്റവും പുതിയ വാർത്തകൾ പ്രതീക്ഷാ നിർഭരമാണ്.

ജെസ്ന നഗരത്തിലെ ഇൻഡസ്ട്രിയൽ ഏരിയയായ ജിഗിണിയിൽ താമസിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്ന വിവരം. ഇതു ലഭിച്ചതാകട്ടെ അവസാനം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് സംഘത്തിനും. ജിഗിണിക്ക് സമീപമുള്ള റിങ് റോഡിൽ കട നടത്തുന്ന മലയാളിയാണ് ജെസ്നയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടത്.

ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാൾ ശ്രദ്ധിച്ചത്. രണ്ടു തവണ പെൺകുട്ടി ഈ കടയിൽ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെൺകുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയിൽ നിന്ന് ഇറങ്ങിപ്പോയി.

പിറ്റേന്ന് ആ വഴി പെൺകുട്ടി വന്നപ്പോൾ അയാൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. ഇളംനീല ജീൻസും റോസ് പ്രിന്റഡ് കുർത്തയും ധരിച്ച് കഴുത്തിൽ ഷാളും പുറത്ത് ബാഗും തൂക്കി നടന്നു പോകുന്ന യുവതിയുടെ ദൃശ്യം പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേനെ പൊലീസിന് കൈമാറി. ഇതു ജെസ്നയാണെന്ന് ഏതാണ്ടുറപ്പിച്ച പൊലീസ് മൂന്നുദിവസം ഈ കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഈ വിവരം എങ്ങനെയോ അറിഞ്ഞിട്ടാകണം ആ ദിവസങ്ങളിൽ പെൺകുട്ടി ഇതു വഴി എത്തിയില്ല.

പൊലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും അവൾ ഈ വഴി എത്തി. അപ്പോഴാണ് പല്ലിൽ കമ്പിയില്ലെന്നതും കണ്ണാടി ധരിച്ചിട്ടില്ലെന്നും മനസിലായത്. മാസങ്ങൾക്ക് മുൻപ് പൊലീസിന് ലഭിച്ച ദൃശ്യം ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജെസ്ന ജീവിച്ചിരിക്കുന്നത് എന്ന് ലോക്കൽ പൊലീസ് സ്ഥിരീകരിച്ചത്. 10 ദിവസത്തിനുള്ളിൽ ജെസ്നയെ കണ്ടെത്തുമെന്നും അന്നത്തെ ഡിവൈഎസ്‌പി ആർ ചന്ദ്രശേഖരപിള്ള അറിയിച്ചിരുന്നു.

അന്യമതസ്ഥനായ കാമുകനൊപ്പമാണ് ജെസ്നയുടെ താമസം. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്ഥാപനത്തിൽ കള്ളപ്പേരിലാണ് ജെസ്ന ജോലി ചെയ്യുന്നത്. ഈ വിവരം കർണാടക പൊലീസ് കേരളാ പൊലീസിന് കൈമാറിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിന് മുൻപ് ജെസ്ന മുങ്ങുകയാണെന്നാണ് പൊലീസ് പറയുന്നത്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നു കർണാടക പൊലീസ് അറിയിച്ചെന്നും കേരളാ പൊലീസ് നേരത്തെ സൂചന നൽകിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പുതിയ വാർത്തയും ചർച്ചയാകുന്നത്.

തിരോധാനത്തിന് ഒരാണ്ടു പൂർത്തിയാകാൻ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിർണായകസന്ദേശം കർണാടക പൊലീസിൽനിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. കഴിഞ്ഞ മാർച്ച് 22-നു രാവിലെ 10.40-നാണ് മേുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌നയെ കാണാതായത്. ‘അയാം ഗോയിങ് ടുഡെ’ എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നിൽ ചില സ്ഥാപനങ്ങൾക്കു പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് എസ്‌പി: എ. റഷീദിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കർണാടക പൊലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയിൽ ഉൾപ്പെടുത്തിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us