തിരുവനന്തപുരം: മുമ്പൊരിക്കലും ഇല്ലാത്തവിധം അണക്കെട്ടുകൾ നിറഞ്ഞതോടെ കോളടിച്ചത് വൈദ്യുതിബോർഡിന്. കനത്ത മഴ കിട്ടിയത് കാരണം വൈദ്യുതിയുടെ ഉത്പാദനം കൂട്ടി ഇപ്പോൾ വൈദ്യുതി വിൽക്കുകയാണ് കേരളം.
ബിഹാറിലേക്കുമാത്രം 100 മെഗാവാട്ട് വൈദ്യുതിയാണ് കേരളം വിൽക്കുന്നത്. പകൽ നൽകുന്നതിന് യൂണിറ്റിന് നാലര രൂപയാണ് വില. ഉപയോഗം കൂടിയ സമയമായ വൈകീട്ട് ആറുരൂപയുമാണ് ഈടാക്കുന്നത്. മാത്രമല്ല, വാങ്ങിയ വൈദ്യുതി മടക്കി കൊടുത്ത് കടം വീഡാനും ഇപ്രാവശ്യം കഴിയുന്നു. ഹരിയാനയിൽനിന്ന് കഴിഞ്ഞ വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതിയാണ് കേരളത്തിന് ഇപ്പോള്‍ തിരിച്ചു കൊടുക്കാന്‍ കഴിയുന്നത്.
ഇതിനുപുറമേ പവർ എക്‌സ്‌ചേഞ്ചുവഴി ദിവസം 500-600 മെഗാവാട്ട് വേറെയും വിൽക്കുന്നുണ്ട്. ഇതിന്‍റെ വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. യൂണിറ്റ് അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ദിവസേന അരലക്ഷംമുതൽ ഒരുകോടി യൂണിറ്റുവരെയാണ് വിൽപ്പന. ശരാശരി വില യൂണിറ്റിന് മൂന്നരരൂപയാണ്.
ഇപ്പോൾ 3.8 കോടി യൂണിറ്റ് ജലവൈദ്യുതിയാണ് സംസ്ഥാനം ദിവസേന ഉത്പാദിപ്പിക്കുന്നത്. ഇതാണ് വിൽപ്പനയ്ക്ക് ബോർഡിനെ പ്രാപ്തമാക്കുന്നതെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു. വിൽപ്പനയിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ചെലവ് കുറയ്ക്കാനാണ് ശ്രമം.
ഉത്പാദനം കൂടിയതോടെ പുറത്തുനിന്ന് കരാറായ വൈദ്യുതി മുഴുവനായും കേരളത്തിന് എടുക്കേണ്ടിവരുന്നില്ല. ഇതിൽ വിലകുറഞ്ഞ വൈദ്യുതി സ്വീകരിച്ച് അത് പവർ എക്‌സ്‌ചേഞ്ചിൽ അല്‍പംകൂടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതുവഴിയും ബോർഡ് ലാഭമുണ്ടാക്കുന്നുണ്ട്.
ഈ മഴക്കാല വിൽപ്പന ബോർഡിന് എത്രത്തോളം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പറയാറായിട്ടില്ലെന്ന് ബോർഡ് വൃത്തങ്ങൾ പറയുന്നു. അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നില്ലെങ്കിൽ കൂടുതൽ വിലകിട്ടുന്ന വിപണി കണ്ടെത്തി വരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബോർഡ്. അണക്കെട്ടുകൾ തുറന്നുവിട്ട് വെള്ളം കുറഞ്ഞാൽ പവർ എക്‌സ്‌ചേഞ്ചുവഴിയുള്ള അധികം ലാഭമില്ലാത്ത വിൽപ്പനയിൽ ഒതുങ്ങേണ്ടിവരും.
കനത്ത മഴ ലഭിച്ചത് കാരണം 150 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇത്തവണ ഇതുവരെ ബോർഡിന്‍റെ അണക്കെട്ടുകളിൽ അധികമായെത്തിയത്. ജൂലായ് മാസത്തിനകം ബോർഡിന്‍റെ ചരിത്രത്തിലിതേവരെ ഇത്രയും വെള്ളം കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ജലവൈദ്യുതി ഉത്പാദനം ഏറ്റവും ഉയർന്നതോതിലാണ് എന്ന് നിസംശയം പറയാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.