ബെംഗളൂരു : ജയനഗർ നിയമസഭാ തിരഞ്ഞെടുപ്പിൽ 55 ശതമാനത്തോളം പോളിങ്. ജനതാദൾ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയും ബിജെപിയുടെ ബി.എൻ.പ്രഹ്ലാദും നേർക്കുനേർ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെണ്ണൽ നാളെ എൻഎംകെആർവി കോളജിൽ.ബിജെപിയുടെ സിറ്റിങ് എംഎൽഎ ബി.എൻ.വിജയകുമാറിന്റെ മരണത്തെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കേണ്ടിവന്നത്.
തുടർന്ന് സഹോദരൻ പ്രഹ്ലാദിനെ ബിജെപി സ്ഥാനാർഥിയാക്കുകയായിരുന്നു. ആംആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ രഹികൃഷ്ണ റെഡ്ഡി ഉൾപ്പെടെ 19 സ്ഥാനാർഥികളാണ് ജയനഗറിൽ മൽസരിച്ചത്.കോൺഗ്രസ് – ജനതാദൾ സഖ്യം നിലവിൽ വന്നതിനുശേഷം ഇരു പാർട്ടികളും കൈകോർക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ജയനഗറിനുണ്ട്.സഖ്യസർക്കാർ അധികാരമേറ്റതിനുശേഷം നടന്ന രാജരാജേശ്വരി നഗർ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ദളും സഖ്യമില്ലാതെയാണ് മൽസരിച്ചത്.ഇവിടെ കോൺഗ്രസ് സ്ഥാനാർഥി മുനിരത്ന നായിഡു 25,492 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.