ബെംഗളൂരു : മന്ത്രിസ്ഥാനം ലഭിക്കാത്ത കോൺഗ്രസിലെ അതൃപ്തരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി കുമാരസ്വാമിയും ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയും രംഗത്ത്. എന്നാൽ എല്ലാ ശ്രമങ്ങൾക്കും മുകളിൽ പ്രതിഷേധച്ചൂട് പടർന്നുപിടിക്കുന്നു. എഐസിസി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിയുമായി സതീഷ് ജാർക്കിഹോളി രംഗത്തുണ്ട്. സതീഷ് ഉൾപ്പെടെയുള്ള നേതാക്കൾ എം.ബി. പാട്ടീലിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു.
ഇതിനിടെ എം.ബി. പാട്ടീലിന്റെ വസതിയിലെത്തിയ കുമാരസ്വാമി അനുരഞ്ജന സംഭാഷണം നടത്തി. വ്യക്തിപരമായ താൽപര്യങ്ങൾ പരിഗണിച്ചല്ല, മറിച്ച് സഖ്യകക്ഷി സർക്കാരിന്റെ ഭാവി മുൻനിർത്തിയാണ് എം.ബി. പാട്ടീലുമായി ചർച്ച നടത്തിയതെന്നു കുമാസ്വാമി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എച്ച്.കെ.പാട്ടീലിനെ സമാശ്വസിപ്പിക്കാൻ ദേവെഗൗഡ രംഗത്തെത്തി. ദളിൽ നിന്ന് മന്ത്രിസ്ഥാനം ലഭിച്ച എം.സി. മനഗുളി വഴിയായിരുന്നു ഗൗഡയുടെ അനുനയ നീക്കം. അതിനിടെ പിസിസി ആസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ എൻ.എ. ഹാരിസ് എംഎൽഎയുടെ അനുയായി കഴുത്തിൽ കുരുക്കിട്ട്, ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി.
മന്ത്രിസ്ഥാനം ലഭിക്കാതെ പോയ നേതാക്കൾ കൂടിയാലോചിച്ച്, ഭാവി നീക്കങ്ങളിൽ തീരുമാനമെടുക്കുമെന്ന് എം.ബി. പാട്ടീൽ പറഞ്ഞു. അതേ സമയം കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നതകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഉപമുഖ്യമന്ത്രി ഡോ.ജി. പരമേശ്വരയോടു തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിടു സന്ദർശനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേരിൽ കാണണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു. പരമേശ്വരയും മന്ത്രിമാരായ ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, ആർ.വി. ദേശ്പാണ്ഡെ എന്നിവരും എം.ബി. പാട്ടീലിനെ കണ്ട് സമാശ്വസിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.