തമിഴ്നാടിന്റെ വിഹിതം 419 ടിഎംസിയിൽനിന്ന് 404.25 ടിഎംസിയായികുറച്ച കോടതി ,14.75 ടിഎംസി അധികജലമാണ് കർണാടകയ്ക്ക് അനുവദിച്ചിരിക്കുന്നത്. കേരളത്തിന് മുപ്പതും പുതുച്ചേരിക്ക് ഏഴും ടിഎംസി ജലം ഉപയോഗിക്കാം. 99.8 ടിഎംസി വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി.
കാവേരിയിലെ വെള്ളത്തിന്റെ പകുതിയിലധികവും തമിഴ്നാടിന് അനുവദിച്ചും മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിനു നിർദേശിച്ചും 2007 ഫ്രെബുവരിയിലാണു ട്രൈബ്യൂണൽ ഉത്തരവിട്ടത്. അതിനെതിരെ കർണാടകയും തമിഴ്നാടും കേരളവും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസുമാരായ അമിതാവ് റോയ്, എ.എം. ഖാന്വില്ക്കര് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കാവേരി ജലം രാജ്യത്തിന്റെ പൊതുസ്വത്താണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഒരു സംസ്ഥാനത്തിനും പ്രത്യേകം അവകാശം ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാനും സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.
കാവേരിയിലെ 740 ടിഎംസി ജലം തമിഴ്നാട്, കര്ണാടക, കേരള സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമാണ് കാവേരിജല തര്ക്കപരിഹാര ട്രൈബ്യൂണല് വീതിച്ചുനല്കിയത്. തമിഴ്നാടിന് 419, ടിഎംസിയും കര്ണാടകയ്ക്ക് 270, കേരളത്തിന് 30, പുതുച്ചേരിക്ക് ഏഴ് ടിഎംസി എന്നിങ്ങനെയാണ് ട്രൈബ്യൂണല് അനുവദിച്ചത്.
എന്നാല് 2007ലെ വിധി അംഗീകരിക്കാന് മൂന്ന് സംസ്ഥാനങ്ങളും തയാറായില്ല. തമിഴ്നാടിന് കൂടുതല് ജലം ട്രൈബ്യൂണല് അനുവദിച്ചുവെന്നാണ് കര്ണാടകയുടെ പരാതി. മാത്രമല്ല, പ്രതിദിനം 2,000 ക്യൂസെക്സ് വെള്ളം കൂടി വിട്ടുകൊടുക്കാന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടതും കര്ണാടക ചോദ്യംചെയ്യുന്നു. 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്നു കേരളവും ആവശ്യപ്പെട്ടു. കബനി അടക്കം മൂന്നു കൈവഴികളില്നിന്ന് 147 ടിഎംസി ജലം കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു.
കേരളത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന കബനി, ഭവാനി, പാമ്പാർ എന്നിവ കാവേരിയുടെ പോഷക നദികളാണ്. ഇതിന് ആനുപാതികമായ വെള്ളം കാവേരിയിൽനിന്ന് ലഭിക്കാൻ കേരളത്തിന് അവകാശമുണ്ട്. എന്നാൽ തമിഴ്നാടും കർണാടകയും തമ്മിലുള്ള വലിയ തർക്കത്തിനിടെ നമ്മുടെ ആവശ്യങ്ങൾക്ക് വലിയ പരിഗണന കിട്ടാറില്ല. താരമത്യേന കൂടുതൽ ജലസമൃദ്ധിയുള്ള കേരളം അർഹതയുള്ള വിഹിതം ചോദിച്ചുവാങ്ങാൻ മെനക്കെടാറുമില്ല. 1972ൽ സി.സി. പട്ടേൽ കമ്മിഷന്റെ പഠനത്തിൽ കാവേരിയിൽ കേരളത്തിന്റെ വിഹിതം 96 ടിഎംസി അടി ജലമെന്നു കണക്കാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാവേരി തർക്കത്തിൽ കേരളത്തിന് സ്ഥാനം ലഭിച്ചത്.
കാവേരി നദിയിൽനിന്ന് അർഹമായ തോതിൽ വെള്ളം ലഭിക്കാത്തതു മലബാർ മേഖലയുടെ വികസനത്തിനു തടസ്സമാകുന്നുവെന്നായിരുന്നു സുപ്രീം കോടതിയിൽ കേരളത്തിന്റെ വാദം. സംസ്ഥാനത്തിനു പ്രതിവർഷം 30 ടിഎംസി വെള്ളം മാത്രം അനുവദിച്ച ട്രൈബ്യൂണൽ തീരുമാനം അംഗീകരിക്കാനാവില്ലെന്നും 99.8 ടിഎംസി വേണമെന്നും വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ വിഹിതം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി, മുൻവിഹിതം തുടരാനാണ് നിർദ്ദേശിച്ചത്. പുതുച്ചേരിക്കും കാവേരിജല തര്ക്കപരിഹാര ട്രൈബ്യൂണല് അനുവദിച്ച ഏഴ് ടിഎംസി വിഹിതം തുടരും.
വൻതോതിൽ ജലം കൈകാര്യം ചെയ്യുന്നതിനുള്ള അളവാണ് ഇവ. ഒരു ക്യുസെക് എന്നാൽ സെക്കൻഡിൽ ഒരു ഘനയടി വെള്ളം വീതം ഒഴുകണം. അതായത് ആറായിരം ക്യുസെക്സ് വെള്ളം രണ്ടാഴ്ചത്തേക്ക് തമിഴ്നാടിനു വിട്ടുകൊടുക്കണമെന്നാണു വിധിയെങ്കിൽ ആ രണ്ടാഴ്ചക്കാലവും ഇടതടവില്ലാതെ സെക്കൻഡിൽ 6000 ഘനയടി ജലം വീതം കർണാടക വിട്ടുനൽകണം.
ഡാമുകളിൽ ശേഖരിച്ചിട്ടുള്ള വെള്ളത്തിന്റെ അളവാണ് ടിഎംസി. തൗസൻഡ് മില്യൻ ക്യുബിക് ഫീറ്റ് എന്നതിന്റെ ചുരുക്കമാണ് ഈ മൂന്നക്ഷരം. അതായത് നൂറു കോടി ഘനയടി വെള്ളമാണ് ഒരു ടിഎംസി.