ബെംഗളൂരു : കേരളം കാണാനെത്തുന്ന ആഭ്യന്തരവിനോദസഞ്ചാരികളിൽ രണ്ടാം സ്ഥാനത്തു കർണാടകയിൽ നിന്നുള്ളവർ. കഴിഞ്ഞവർഷം കന്നഡ ടൂറിസ്റ്റുകളുടെ എണ്ണം 20% ആണു വർധിച്ചത്. 2017ൽ എത്തിയ കന്നഡ സഞ്ചാരികൾ 9.33 ലക്ഷം പേരാണ്. ഇതിൽ കൂടുതൽ പേരുമെത്തിയത് വയനാട്, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലേക്ക്. ഒന്നാംസ്ഥാനത്തുള്ള തമിഴ്നാട്ടിൽ നിന്ന് 12.5 ലക്ഷം പേരും മൂന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ നിന്ന് 5.4 ലക്ഷം പേരും എത്തിയതായി കേരള ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്) വി.എസ്.അനിൽ പറഞ്ഞു.
2015 -16 വർഷത്തിൽ കർണാടകയിൽ നിന്ന് ഏഴ് ലക്ഷം പേരാണു കേരളത്തിലെത്തിയത്. കേരള ടൂറിസം വകുപ്പ് ബെംഗളൂരുവിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.റോഡ് ഷോയുടെ ഭാഗമായി നടത്തിയ ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റിൽ കേരളത്തിലേക്കുള്ള വേനൽക്കാല ടൂറിസം പാക്കേജുകൾക്ക് മികച്ച പ്രതികരണമാണു ലഭിച്ചത്. കേരളത്തിൽ നിന്ന് അൻപത് സംരംഭകരും കർണാടകയിൽ നിന്ന് 128 പേരുമാണ് പങ്കെടുത്തത്.
ടൂർ ഓപ്പറേറ്റർമാർ, ഹോട്ടൽ ഉടമകൾ എന്നിവർ പങ്കെടുത്ത മീറ്റിൽ അടുത്ത ടൂറിസം സീസണിലേക്കുള്ള വിവിധ പാക്കേജുകൾ പരിചയപ്പെടുത്തി.ടൂറിസവുമായി ബന്ധപ്പെട്ടുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കു പ്രോത്സാഹനം നൽകാൻ കേരള സർക്കാർ ആരംഭിച്ച വെൻച്വർ ഫണ്ടിന്റെ പ്രസന്റേഷനും ചടങ്ങിൽ നടന്നു. ഇതോടനുബന്ധിച്ച് നടത്തിയ ഗോ കേരള മൽസരത്തിൽ ബെംഗളൂരുവിൽ നിന്നുള്ള കോം ഇന്ത്യ കമ്പനിയിലെ സുജിത്ത് സോമൻ വിജയിയായി.
കേരള ടൂറിസം റോഡ് ഷോയിൽ പങ്കെടുത്ത സംരംഭകർക്ക് കേരളത്തിന്റെ തനത് കലാരൂപങ്ങളും ദൃശ്യവിരുന്നേകി. കേരളത്തിന്റെ പ്രകൃതിഭംഗിയെ കോർത്തിണക്കിയുള്ള വിഡിയോ പ്രദർശനത്തിനു ശേഷം മോഹിനിയാട്ടവും കഥകളിയും തെയ്യവും മയിലാട്ടവും, കളരിപ്പയറ്റും ആസ്വാദകർക്ക് മുന്നിലെത്തി. ചെറുതുരുത്തി കഥകളി സ്കൂളിൽ കലകൾ അഭ്യസിക്കുന്ന 14 പേരാണ് ദൃശ്യതാളം എന്ന പരിപാടി അവതരിപ്പിച്ചത്. പ്രമോദ് പയ്യന്നൂർ സംവിധാനം നിർവഹിച്ചു. കലാമണ്ഡലം ഗോപാലകൃഷ്ണൻ പരിശീലനം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.