ബെംഗളൂരു ∙ ഐടി സിറ്റിയിൽനിന്നുള്ള രണ്ടാമത്തെ ഡബിൾ ഡെക്കർ എസി ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കും. ബെംഗളൂരു – കോയമ്പത്തൂർ റൂട്ടിലാണ് ഉദയ് എക്സ്പ്രസ് സർവീസ് നടത്തുക. നിലവിൽ ബെംഗളൂരുവിൽനിന്നു ചെന്നൈയിലേക്കു ഡബിൾ ഡെക്കർ സർവീസുണ്ട്. 2016–17 ബജറ്റിലാണ് കോയമ്പത്തൂർ – ബെംഗളൂരു, ബാന്ദ്ര – ജാംനഗർ, വിശാഖപട്ടണം – വിജയവാഡ റൂട്ടുകളിൽ ഡബിൾ ഡെക്കർ സർവീസുകൾ പ്രഖ്യാപിച്ചത്.
ഭക്ഷണം കഴിക്കാൻ പ്രത്യേക ഇടം, പണമിട്ടാൽ ഭക്ഷണം ലഭിക്കുന്ന വെൻഡിങ് മെഷീനുകൾ, വലിയ എൽസിഡി സ്ക്രീനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉദയ് എക്സ്പ്രസിലുണ്ട്. സാധാരണ ട്രെയിനിനെക്കാൾ 40% അധികം യാത്രക്കാരെ വഹിക്കാമെന്നതാണു പ്രധാന സവിശേഷത. കോയമ്പത്തൂരിൽനിന്നു രാവിലെ 5.40നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. ഉച്ചയ്ക്കു 2.15നുള്ള മടക്ക സർവീസ് രാത്രി ഒൻപതിനു കോയമ്പത്തൂരിലെത്തും.