അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ മാറ്റി പ്രകൃതി സൗഹാർദ വാഹനങ്ങൾ ഇറക്കാൻ സബ്സിഡി ഇനത്തിൽ 30 കോടി രൂപ സർക്കാർ ഈ വർഷമാദ്യം അനുവദിച്ചിരുന്നു. ബെംഗളൂരുവിലെ അമ്പതിനായിരം ഉൾപ്പെടെ കർണാടകയിലാകെ 1.3 ലക്ഷത്തോളം 2–സ്ട്രോക്ക് ഓട്ടോറിക്ഷകളുണ്ട്. പുതിയ 4–സ്ട്രോക്ക് ഓട്ടോറിക്ഷയ്ക്കു കുറഞ്ഞത് ഒന്നര ലക്ഷം രൂപ വരുമെന്നതിനാൽ സബ്സിഡി തുക കുറവാണെന്നും ഡ്രൈവർമാർ പറയുന്നു.
എന്നാൽ നേരത്തേ മറ്റു വകുപ്പുകളാണ് സബ്സിഡി നൽകിയിരുന്നതെന്നും കാലതാമസം ഉണ്ടാകാൻ കാരണം ഇതാണെന്നും ഗതാഗതവകുപ്പ് അധികൃതർ പറയുന്നു. ഇനി മുതൽ ഗതാഗതവകുപ്പ് നേരിട്ടാണ് സബ്സിഡി നൽകുക. സർക്കാർ സബ്സിഡി തുക ഗതാഗതവകുപ്പിനു കൈമാറിയിട്ടുണ്ട്.
പഴയ ഓട്ടോറിക്ഷയുടെ പെർമിറ്റ് റദ്ദാക്കിയാലുടൻ ഉടമയ്ക്കു പണം കൈമാറുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകുന്നു. 2–സ്ട്രോക്ക് ഓട്ടോകൾ നിരത്തുകളിൽ നിന്നു പൂർണമായും ഒഴിവാക്കാനായി ഇവയുടെ പെർമിറ്റ് അടുത്ത മാർച്ചോടെ അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്. പുതിയ ഓട്ടോറിക്ഷകൾ വാങ്ങുന്ന ഡ്രൈവർമാരുടെ ആധാർ കാർഡ് പെർമിറ്റുമായി ബന്ധിപ്പിക്കുന്നതും ഗതാഗതവകുപ്പ് നിർബന്ധമാക്കി.
ഒരേ വിലാസത്തിൽ ഒന്നിലധികം ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നതു നിരോധിക്കുന്നതിനാണിത്. ബെംഗളൂരുവിൽ പതിനായിരക്കണക്കിന് ഓട്ടോറിക്ഷകൾ അനധികൃതമായി സർവീസ് നടത്തുന്നുണ്ട്. 1.73 ലക്ഷം ഓട്ടോറിക്ഷകളാണ് ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കണക്കിൽപ്പെടാത്ത മുപ്പതിനായിരത്തോളം ഓട്ടോറിക്ഷകൾ അനധികൃത സർവീസ് നടത്തുന്നുണ്ടെന്നു വിവിധ യൂണിയനുകൾ പരാതിപ്പെടുന്നു. ആധാർ നിർബന്ധമാക്കുന്നതോടെ ഇത്തരം സർവീസുകൾ പൂർണമായും നിരോധിക്കാനാകും.
2 സ്ട്രോക്ക് എൻജിൻ ഓട്ടോകൾ മാറ്റി പുതിയതു വാങ്ങുന്നവർക്കു 2013 വരെ 15000 രൂപയാണ് സബ്സിഡി അനുവദിച്ചിരുന്നത്. 2014ൽ ഇതു മുപ്പതിനായിരം ആക്കിയെങ്കിലും പലരും പഴയ ഓട്ടോ കൈമാറാൻ തയാറായില്ല. സബ്സിഡി ലഭിക്കാൻ വളരെ കാലതാമസം എടുക്കുമെന്നതായിരുന്നു പ്രധാന കാരണം. എന്നാൽ സബ്സിഡി വിതരണം ഇനി വൈകില്ലെന്ന് ഗതാഗത വകുപ്പ് ഉറപ്പുനൽകുന്നു.