ബെംഗളൂരു: വിശാഖപട്ടണത്തു നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു. തുടർന്നുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന്, 148 യാത്രക്കാരുമായി പറന്ന വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വലിയൊരു ദുരന്തമാണ് ഇതോടെ ഒഴിവായത്.
ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിക്ക് സമീപമുള്ള കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് IX2065 നമ്പർ വിമാനത്തിൽ പക്ഷി ഇടിച്ചത്. സംഭവത്തെത്തുടർന്ന് വിമാനത്തിന് ചെറിയ സാങ്കേതിക തകരാർ സംഭവിച്ചെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
പക്ഷി ഇടിച്ചതിനെത്തുടർന്നുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി വിമാനം നിലവിൽ വിമാനത്താവളത്തിലെ വി49 (V49) സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുകയാണ്. എയർ ഇന്ത്യ എൻജിനീയറിങ് വിഭാഗം വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.
