ബെംഗളൂരു: നഗരത്തിലെ പബ്ബിൽ വെച്ച് പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ആന്ധ്രാപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഐഎഎസ് ഉദ്യോഗസ്ഥൻ വികാസ് മാർമട്ടും സുഹൃത്തുക്കളായ നിതേഷ്, അഭയ്, റോഷൻ എന്നിവർക്കുമെതിരെയാണ് കബ്ബൺ പാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ബെംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ കബോർ പബ്ബിലായിരുന്നു സംഭവം. നഗരത്തിൽ പതിവ് പട്രോളിംഗിന്റെ ഭാഗമായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് സംഘം പബ്ബിൽ പരിശോധന നടത്താൻ എത്തിയതായിരുന്നു. അവിടെയുണ്ടായിരുന്ന ചില ഉപഭോക്താക്കളെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് തർക്കങ്ങളുണ്ടായത്.
പരിശോധനയ്ക്കിടെ താനൊരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് വികാസ് മാർമട്ട് പൊലീസിനോട് പറഞ്ഞു. തുടർന്ന് ഐഡന്റിറ്റി കാർഡ് കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ സംഘത്തിലെ ഒരാൾ പൊലീസുദ്യോഗസ്ഥനെ തള്ളിയിടുകയും മറ്റ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയുമായിരുന്നു എന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും കേസെടുത്ത പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
