പാസ്‌പോർട്ടും പിസിസിയും കിട്ടില്ല; കേരള പോലീസിന്റെ അടുത്ത വൻ നീക്കം; പൂട്ടുവീഴുന്നത് വീടുകൾക്കുള്ളിലെ ‘നിശബ്ദ കൊലയാളി’കൾക്ക്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾ തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പുതിയ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു. ലഹരിമാഫിയക്കെതിരായ ഒാപ്പറേഷൻ തൂഫാന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഐജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കി.

ഗാർഹിക അതിക്രമം തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിങ്ങും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഭയമോ കുടുംബപരമായ ആശങ്കകളോ മൂലം പരാതി നൽകാൻ കഴിയാത്ത സ്ത്രീകൾക്ക് സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്. ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം.

‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങളെന്നും സാമ്പത്തികമോ കുടുംബപരമോ ആയ ഭയംമൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാവും പോലീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്ത്രീകളാണ് കേരളത്തിൽ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചത്. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരമ്പരാഗത പോലീസ് നടപടികളിൽനിന്ന് മാറി അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ്ണ മുൻഗണന നൽകുന്ന രീതിയിലായിരിക്കും സേനയുടെ പ്രവർത്തനം. വിവരം ലഭിച്ചാൽ ഔദ്യോഗിക വേഷത്തിലല്ലാതെ പോലീസ് ഉദ്യോഗസ്ഥർ അതിജീവിതകളെ സമീപിക്കും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫീസർമാർ കേസിന്റെ പുരോഗതി, കൗൺസിലിങ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും.

പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഡിജിറ്റൽ ഹെൽപ്പ്ലൈൻ, വാട്‌സാപ്പ്, പ്രത്യേക മൊബൈൽ ആപ്പ് എന്നിവ ഉൾപ്പെടുത്തി കമാൻഡ് സെന്റർ സജ്ജമാക്കും. പോക്‌സോ നിയമത്തിന് സമാനമായി അതിജീവിതകളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കും. 1973-ൽ രാജ്യത്ത് ആദ്യമായി വനിതാ പോലീസ് സംവിധാനം ആരംഭിച്ച കേരളത്തിന്റെ പോലീസ് ചരിത്രത്തിലെ പ്രധാന ചുവടുവയ്പ്പാണിത്.

ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് സ്പീക്ക് അപ്പ് മേധാവി അജിത ബീഗം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts