അൽഖാഇദ പിന്തുണ, സ്ത്രീകളോട് വെറുപ്പ്; വിമാനത്തിൽ ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച കോ-പൈലറ്റ് “ഹമാം അൽ ഹമ്മാമി”യുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിയാമോ

ദുബായ്: തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ വച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി കോ-പൈലറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമിയാണ് ആക്രമണത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

തീവ്രവാദ സ്വഭാവമുള്ള ആശയങ്ങളിൽ ആകൃഷ്ടനായതിനെ തുടർന്ന് വിമാനം പറത്തുന്നതിൽ നിന്ന് ഒമാൻ ഇയാളെ വിലക്കിയിരുന്നുവെങ്കിലും പിന്നീട് ഫ്ലൈ ദുബായ് ഇയാളെ ജോലിക്ക് എടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സൗദി അറേബ്യ കസ്റ്റഡിയിലെടുത്ത ഹമാം അൽ-ഹമ്മാമിയെ യു.എ.ഇക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ യു.എ.ഇയിൽ കസ്റ്റഡിയിലുള്ള ഇയാൾ ഭീകരവിരുദ്ധ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്.

വിമാനം ഇസ്രായേലിൽ വച്ച് തകർക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിൽ യു.എ.ഇ അറ്റോർണി ജനറൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഒമാൻ എയറിലെ പരിശീലനത്തിനിടെ തീവ്രവാദ സാഹിത്യങ്ങൾ കണ്ടെത്തി

ഏകദേശം ഏഴ് വർഷത്തോളം ഒമാൻ എയറിൽ ജോലി ചെയ്ത വ്യക്തിയാണ് ഹമാം അൽ-ഹമ്മാമി. എന്നാൽ 2024-ൽ കോ-പൈലറ്റ് പരിശീലനത്തിനിടെ ഇയാളിൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള രേഖകളും സാഹിത്യങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളുടെ തീവ്രവാദ ആശയങ്ങൾ പുറത്തുവരുന്നത്. തുടർന്ന് ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് ഒമാൻ എയർ വിലക്കുകയും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പിന്നീട് ഈ വിവരങ്ങൾ പൂർണ്ണമായി പരിശോധിക്കാതെയാണോ ഫ്ലൈ ദുബായ് ഇയാളെ കോ-പൈലറ്റായി നിയമിച്ചതെന്ന കാര്യത്തിൽ വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദം നേടിയ ഇയാൾ, എട്ട് മാസം മുമ്പാണ് ഫ്ലൈ ദുബായിൽ ചേർന്നത്.

ഇസ്രായേലി ഏജൻസികളും അന്വേഷണം ഊർജ്ജിതമാക്കി

ഒമാൻ നയതന്ത്രബന്ധം പുലർത്താത്ത ഇസ്രായേലിലേക്കുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള വിമാന സർവീസിൽ ഒമാനി പൗരനായ ഇയാൾ എങ്ങനെ കോ-പൈലറ്റായി എത്തി എന്നതിനെക്കുറിച്ച് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളായ ഷിൻ ബെറ്റും മൊസാദും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ തീവ്ര ഇസ്ലാമിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ ഏതെങ്കിലും ഭീകരസംഘടനകളുടെ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് തെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഫ്ലൈ ദുബായ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഔദ്യോഗികമായി പ്രതികരിക്കാൻ കമ്പനി തയാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts