മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളെയും വസ്ത്രധാരണത്തെയും രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. സാധാരണക്കാരൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തുന്നതെന്ന് ദിപ്കെ ആരോപിച്ചു. ഫാഷൻ ബോധവും വിദേശ പര്യടനങ്ങളും അല്ലാതെ രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
മഹാരാഷ്ട്ര സർക്കാരിന്റെയും പോലീസിന്റെയും വിലക്ക് ലംഘിച്ച് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ സംഘടിപ്പിച്ച കൂറ്റൻ പ്രതിഷേധ പരിപാടിയിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദിപ്കെ. മഹാരാഷ്ട്രയിലെ ഭരണനേതൃത്വത്തിന്റെ കഴിവുകേട് കാരണമാണ് വെറും രണ്ട് മാസത്തിനിടെ തങ്ങൾക്ക് വീണ്ടും സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യവെ ഗാന്ധിജിയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും ജവഹർലാൽ നെഹ്റുവിന്റെയും ആശയങ്ങളെയും ദർശനങ്ങളെയും ദിപ്കെ അനുസ്മരിച്ചു. ഇന്ത്യയുടെ ആത്മാവ് ഗാന്ധിജിയാണെന്നും ആ പ്രത്യയശാസ്ത്രം നിലനിൽക്കുന്നതുകൊണ്ടാണ് രാജ്യം ഇന്നും സുസ്ഥിരമായി തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അംബേദ്കർ ഇന്ത്യയുടെ നട്ടെല്ലും നെഹ്റു തലച്ചോറുമാണെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദിപ്കെ, ജയിൽവാസത്തെ തങ്ങൾക്ക് ഭയമില്ലെന്നും തങ്ങൾ ‘പാറ്റകൾ’ (കോക്രോച്ചുകൾ) ആണെന്നും ഉറക്കെ പ്രഖ്യാപിച്ചു. മുംബൈ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം പതിനായിരത്തോളം ആളുകളാണ് പോലീസിന്റെ വിലക്ക് മറികടന്ന് ശിവാജി പാർക്കിൽ തടിച്ചുകൂടിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സി.ജെ.പി.യുടെ നേതൃത്വത്തിൽ മുംബൈയിൽ ഈ വൻ പ്രതിഷേധ സമരം പുരോഗമിക്കുന്നത്.
