ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ ദക്ഷിണേന്ത്യൻ കാഷ്വൽ ഡൈനിംഗ് ബ്രാൻഡായ ‘ദി ഫിൽറ്റർ കോഫി’ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചു. ട്രാവൽ ഫുഡ് സർവീസസുമായി (TFS) സഹകരിച്ച് ടെർമിനൽ 1-ലെ ഗേറ്റ് 39-ന് സമീപമാണ് ഈ പുതിയ സ്റ്റോർ പ്രവർത്തനം തുടങ്ങിയത്. ഇതോടെ ബ്രാൻഡിന്റെ ആകെയുള്ള ഔട്ട്ലെറ്റുകളുടെ എണ്ണം 11 ആയി ഉയർന്നു.
യാത്രക്കാരുടെ സൗകര്യം മുൻനിർത്തി വേഗത്തിലുള്ള സേവനവും സൗകര്യപ്രദമായ തുറന്ന ഇരിപ്പിടങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ ഔട്ട്ലെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തനതായ ദക്ഷിണേന്ത്യൻ ഭക്ഷണാനുഭവം യാതൊരു താമസമവുമില്ലാതെ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇഡ്ഡലി, ബട്ടർ ഇഡ്ഡലി, പൊടി ഇഡ്ഡലി, വട, റവ ഉപ്പുമാവ്, വെൺ പൊങ്കൽ തുടങ്ങിയ പരമ്പരാഗത പ്രഭാതഭക്ഷണങ്ങളും ബ്രാൻഡിന്റെ പ്രശസ്തമായ ഫിൽറ്റർ കോഫിയും ഇവിടെ ലഭ്യമാണ്. ഉച്ചഭക്ഷണത്തിനായി വെജിറ്റേറിയൻ ബിരിയാണി, തൈരുസാദം, പുളിയോഗരെ എന്നിവയ്ക്ക് പുറമെ ഓട്സ്, ബദാം, സോയാപാൽ എന്നിവയിൽ തയ്യാറാക്കിയ സസ്യാഹാര പാനീയങ്ങളും ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് എളുപ്പത്തിൽ തിരഞ്ഞെടുക്കാവുന്ന രീതിയിൽ ടി.എഫ്.സി ക്ലാസിക് പ്രഭാതഭക്ഷണം, ടി.എഫ്.സി ഓൾ-ഡേ ടിഫിൻ ഫെസ്റ്റ്, ടി.എഫ്.സി ബിരിയാണി മീൽ എന്നീ മൂന്ന് പ്രത്യേക കോമ്പോകളും ഔട്ട്ലെറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ ബ്രാൻഡിനെയും ബെംഗളൂരുവിന്റെ തനതായ കാപ്പി സംസ്കാരത്തെയും വിമാനത്താവളത്തിലൂടെ കൂടുതൽ യാത്രക്കാരിലേക്ക് എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ദി ഫിൽറ്റർ കോഫിയുടെ സഹസ്ഥാപകനായ സംകൃത് അയ്യർ പറഞ്ഞു. ദി ഫിൽറ്റർ കോഫിയുടെ വളർച്ചയുടെ പ്രഭവകേന്ദ്രമായ ബെംഗളൂരുവിൽ നിന്നും ഇനി രാജ്യത്തുടനീളമുള്ളവർക്കും വിദേശ സഞ്ചാരികൾക്കും ബെംഗളൂരുവിന്റെ രുചി പരിചയപ്പെടുത്താൻ ഈ പങ്കാളിത്തം വഴി സാധിക്കുമെന്ന് മറ്റൊരു സഹസ്ഥാപകനായ അവിനിത് ബാഗ്രിയും വ്യക്തമാക്കി.
