ഇന്ദിരാനഗറിലെ ഗ്യാസ് ഏജൻസിയിൽ നിന്ന് 65 എൽ.പി.ജി സിലിണ്ടറുകൾ മോഷ്ടിച്ച് തമിഴ്നാട്ടിൽ മറിച്ചുവിറ്റു; വയോധികന്‍ പിടിയിൽ

ബെംഗളൂരു: ഗ്യാസ് ഏജൻസിയിൽ നിന്ന് ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ മോഷ്ടിച്ച് തമിഴ്‌‌നാട്ടിൽ വിറ്റ 64-കാരനെ ബെംഗളൂരു ഇന്ദിരാനഗർ പോലീസ് അറസ്റ്റ് ചെയ്തു. കസ്തൂരിനഗർ സ്വദേശിയായ ജയശീലൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 4.41 ലക്ഷം രൂപ വിലമതിക്കുന്ന 65 എൽ.പി.ജി സിലിണ്ടറുകളും 2.49 ലക്ഷം രൂപയും കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.

ഇന്ദിരാനഗറിലെ പ്രമുഖ ഗ്യാസ് ഏജൻസിയിലെ ഡെലിവറി മാനായി ജോലി ചെയ്തു വരികയായിരുന്നു ജയശീലൻ. ഓഗസ്റ്റ് 13-ന് രാത്രി ഏജൻസിയുടെ ഡിപ്പോയിൽ ഗുഡ്സ് വാഹനത്തിൽ കയറ്റിവെച്ചിരുന്ന 173 എൽ.പി.ജി സിലിണ്ടറുകളിൽ 74 എണ്ണമാണ് മോഷണം പോയത്. വാഹനം പൂട്ടിയിട്ടിരുന്നെങ്കിലും പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ പൂട്ട് തകർത്ത നിലയിലായിരുന്നു. ഏജൻസി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ദിരാനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.

സെപ്റ്റംബർ 11-ന് പരപ്പന അഗ്രഹാരയിലെ ഹൊസ റോഡിന് സമീപത്തുനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ, സിലിണ്ടറുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഒരു ഗ്യാസ് ഏജൻസിക്ക് വിറ്റതായി ഇയാൾ സമ്മതിച്ചു. തുടർന്ന് സെപ്റ്റംബർ 12 നും 17 നും ഇടയിൽ നടത്തിയ തിരച്ചിലിൽ മോഷ്ടിച്ച സിലിണ്ടറുകളും പണവും ഉപയോഗിച്ച വാഹനവും പോലീസ് വീണ്ടെടുത്തു. ഇയാളുടെ അറസ്റ്റോടെ ഇന്ദിരാനഗർ, ഹലാസൂരു, ജെ.പി നഗർ, ബഗലൂർ, തമിഴ്‌നാട്ടിലെ പടാലം എന്നീ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ഏഴ് മോഷണക്കേസുകൾക്ക് പരിഹാരമായതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts