‘ഒന്നും പ്രൂവ് ചെയ്യാനില്ല, ആ സന്തോഷത്തിലാണ് ഞാൻ’: കരിയറിനെയും ജീവിതത്തെയും കുറിച്ച് മനസ്സുതുറന്ന് ഫഹദ് ഫാസിൽ

കൊച്ചി: സിനിമകൾക്ക് ശേഷം ക്യാമറകൾക്കും ലൈം ലൈറ്റിനും പിന്നിലേക്ക് മാറിനിൽക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, തന്റെ പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ’ പ്രചാരണത്തിനായി സജീവമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. സാധാരണയായി അഭിമുഖങ്ങളിലും പൊതുപരിപാടികളിലും അധികം പ്രത്യക്ഷപ്പെടാറില്ലാത്ത ഫഹദ്, പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

തനിക്ക് സിനിമയിൽ ഒന്നും തെളിയിക്കാനില്ലെന്നും പ്രേക്ഷകരെ വിനോദിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ഫഹദ് വ്യക്തമാക്കി. ആദ്യ സിനിമയുടെ പരാജയം കൈകാര്യം ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വിദേശത്തേക്ക് പോയതെന്നും, ആ സിനിമ റിലീസ് ചെയ്തിട്ട് ഇപ്പോൾ 24 വർഷങ്ങൾ പിന്നിട്ടതായും അദ്ദേഹം ഓർത്തെടുത്തു. ഒരു സിനിമയെങ്കിലും ചെയ്ത് മടങ്ങണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഇപ്പോൾ 66 സിനിമകളിൽ എത്തിനിൽക്കുന്നതെന്നും, പരാതികളില്ലാതെ ഈ യാത്രയിൽ പൂർണ്ണ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ നിമിഷത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും, കരിയറിലെ എല്ലാ സിനിമകളും സ്വന്തം തെരഞ്ഞെടുപ്പുകളായിരുന്നുവെന്നും ചില ചിത്രങ്ങൾ മറ്റു ചില രീതിയിൽ ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹവും വ്യക്തിപരമായ കണ്ടെത്തലുകളും ജീവിതത്തെയും കരിയറിനെയും എങ്ങനെ സ്വാധീനിച്ചെന്നും ഫഹദ് അഭിമുഖത്തിൽ തുറന്നുപറഞ്ഞു. പങ്കുവെക്കലാണ് വിവാഹജീവിതം തന്നെ പഠിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം, വിവാഹശേഷം പ്രൊഫഷണലായി ശരിയായ വഴിക്കല്ല പോകുന്നതെന്ന് തോന്നിയപ്പോൾ ഒന്നര വർഷത്തോളം സിനിമയിൽ നിന്ന് മാറിനിന്ന് നസ്രിയയോടൊപ്പം യാത്രകൾ ചെയ്തതായും വെളിപ്പെടുത്തി. തന്റെ എഡിഎച്ച്ഡി (ADHD) തിരിച്ചറിഞ്ഞ ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബോർഡിംഗ് സ്കൂൾ ജീവിതവും അമേരിക്കയിലെ ഒറ്റയ്ക്കുള്ള ജീവിതവുമാണ് മുൻപുള്ള പല പ്രതികരണങ്ങൾക്കും കാരണമായതെന്ന് പിന്നീട് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാത്ത താൻ, ഇടയ്ക്ക് നസ്രിയയുടെ അക്കൗണ്ട് ഉപയോഗിക്കാറുണ്ടെന്നും ഫഹദ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts